ന്യൂഡല്‍ഹി : പഹലാജ് നിഹലാനിയെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സ്ഥാനത്തുനിന്നും നീക്കി.

2015ല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അദ്ധ്യക്ഷനായി നിയമിതനായ പഹലാജ് നിഹലാനിയുടെ കാലഘട്ടത്തില്‍ ഏറെ വിവാദങ്ങളിലൂടെയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ കടന്നുപോയത്. പഹലജ് നിഹലാനി സെന്‍സര്‍ ബോര്‍ഡിനെ തന്റെ വ്യക്തി താത്പര്യങ്ങള്‍ക്കനുസരിച്ചാണ് നടത്തിച്ചുകൊണ്ടിരുന്നത് എന്ന് അദ്ധേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ അടക്കം ആരോപിക്കുകയുണ്ടായി. പഹലാജ് സിനിമകളെ അനാവശ്യമായ സെന്‍സര്‍ഷിപ്പുകള്‍ക്ക് വിധേയമാക്കുകയാണ് എന്ന് സംവിധായകരും സിനിമാനിരൂപകരും നിരന്തരമായി വിമര്‍ശിച്ചിരുന്നു.

സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹലാജ് നിഹലാനിയും എഫ്‌ടിഐഐ പൂനൈയുടെ അദ്ധ്യക്ഷനായ ഗജേന്ദ്ര ചൗഹാനും ആര്‍എസ്എസിന്‍റെ രാഷ്ട്രീയ നിയമനമാണ് എന്ന ആരോപണങ്ങള്‍ തുടക്കംമുതല്‍ ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആരാദന മറച്ചുവെക്കാതിരുന്ന പഹലാജ് നിഹലാനി. ആശയസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികളാണ് എടുക്കുന്നത് എന്നും ആക്ഷേപമുയര്‍ന്നിരുന്നു.

‘ഇന്ദു സര്‍ക്കാര്‍’, ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്നീ സിനിമകളാണ് അവസാനമായി പഹലാജ് നിഹലാനിയെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്. ‘സ്ത്രീ -പക്ഷം’ എന്നു പറഞ്ഞുകൊണ്ട്  പ്രദര്‍ശനാനുമതി നിഷേധിച്ച  ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയുടെ സംവിധായക ആലങ്കൃത ശ്രീവാസ്തവ സെന്‍സര്‍ ബോര്‍ഡിനെതിരെ അപ്പീല്‍ പോയിട്ടാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നേടിയെടുക്കുന്നത്.

ഗാന രചയിതാവും തിരകഥാകൃത്തുമായ പ്രസൂണ്‍ ജോഷിയാവും പുതിയ സെന്‍സര്‍ ബോര്‍ഡ് അദ്ധ്യക്ഷന്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ