ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച്മെന്റ് ചെയ്യാൻ പ്രതിപക്ഷം രാജ്യസഭ അധ്യക്ഷന് നോട്ടീസ് നൽകി. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന് നോട്ടീസ് നൽകിയത്. 7 പാർട്ടികളിൽനിന്നായി 60 ഓളം എംപിമാർ നോട്ടീസിൽ ഒപ്പുവച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലെ മെഡിക്കൽ കോളേജ് അഴിമതിയിൽ ചീഫ് ജസ്റ്റിസിന്റെ പേര് പരാമർശിക്കപ്പെട്ടതും ഗൗരവമുളള കേസുകൾ അനുകൂല ബെഞ്ചിലേക്ക് മാറ്റുന്നതും ജഡ്ജിയാകുന്നതിന് മുൻപു നടന്ന ഭൂമിയിടപാടും തുടങ്ങി 5 കാരണങ്ങളാണ് ഇംപീച്ച്മെന്റ് നീക്കത്തിന് പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്നത്. ജുഡീഷ്യറിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് നോട്ടീസ് നൽകിയശേഷം കോൺഗ്രസ് നേതാവ് കപിൽ സിബൽ പ്രതികരിച്ചു.

ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭ അധ്യക്ഷൻ അംഗീകരിച്ചാൽ ഇക്കാര്യം പരിശോധിക്കുന്നതിനുളള വിദഗ്‌ധ സമിതിക്ക് രൂപം നൽകും. മതിയായ കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി വേണമെങ്കിൽ നോട്ടീസ് തളളുകയും ആവാം.

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി നിലപാടെടുത്തതോടെ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നീക്കം കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ സജീവമായത്. കോൺഗ്രസിനൊപ്പം 6 പാർട്ടികളാണ് ഇംപീച്ച്മെന്റ് നീക്കത്തിനായി മുന്നോട്ട് വന്നിരിക്കുന്നത്. ഇംപീച്ച്മെന്റ് നീക്കത്തിന് സിപിഎമ്മിന്റെ പൂർണ പിന്തുണയും കോൺഗ്രസിനുണ്ട്. സിപിഐ, എൻസിപി, എസ്‌പി, ബിഎസ്‌പി, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എന്നിവരാണ് പിന്തുണ അറിയിച്ചിരിക്കുന്ന മറ്റു പാർട്ടികൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ