ഭുവനേശ്വര്‍: ഷൂവില്‍ ചെളി പുരളാതിരിക്കാന്‍ അണികളുടെ തോളില്‍ കയറിയ ബിജെഡി എംഎല്‍എയുടെ വീഡിയോ പുറത്ത്. മല്‍കാങ്ഗിരി എംഎല്‍എ ആയ മാനസ് മഡ്കാമിയാണ് അണികളെ കൊണ്ട് തന്നെ പൊക്കി എടുപ്പിച്ചത്. മാവോയിസ്റ്റ് ബാധിത ജില്ലയാണ് മല്‍കാങ്ഗിരി. വ്യാഴാഴ്ച ജില്ലയിലെ മോട്ടു എന്ന പ്രദേശം സന്ദര്‍ശിക്കാനെത്തിയതാണ് മാനസ് മഡ്കാമി.

എംഎൽഎക്ക് സന്ദര്‍ശിക്കാന്‍ പെകേണ്ട സ്ഥലത്തേക്ക് കടത്ത് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ബോട്ടിലേക്ക് കയറാന്‍ ചെളിനിറഞ്ഞ സ്ഥലത്തുകൂടി അൽപം നടക്കണം. വെളുത്ത ഷുവും പാന്റും ഷര്‍ട്ടുമിട്ട് വന്ന എംഎല്‍എ തന്റെ ഷൂവില്‍ ചെളി പുരളുമെന്ന് പറഞ്ഞ് മാറി നിന്നു. തുടര്‍ന്ന് രണ്ട് അണികളുടെ തോളില്‍ കയറിയാണ് എംഎല്‍എ ബോട്ടില്‍ കയറിയത്. സംഭവം സോഷ്യല്‍ മീഡിയകളില്‍ വലയ വിമര്‍ശനത്തിന് ഇടയാക്കി. അതേസമയം എംഎല്‍എയ്‌ക്കൊപ്പം എത്തിയ നബ്‌രംഗ്പുര്‍ എംപി ബലഭദ്ര മാജി ചെളി കാര്യമാക്കാതെ നദിയിലിറങ്ങിയാണ് ബോട്ടിലേക്ക് കയറിയത്.

തനിക്കെതിരായ വിമര്‍ശനങ്ങള്‍ മാനസ് മഡ്കാമി തള്ളിക്കളഞ്ഞു. അണികള്‍ക്ക് തന്നോടുള്ള സ്‌നേഹം അവര്‍ പ്രകടിപ്പിച്ചതാണെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നുമാണ് എംഎൽഎയുടെ ഭാഷ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ