ആംഗുള്‍: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് 500 രൂപ കൈക്കൂലി. മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയ മീഡിയ കിറ്റിലാണ് 500രൂപ കൂടി ഉള്‍പ്പെടുത്തിയത്. ഇതിനെതിരെ ചില മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ജനതാ കാ റിപ്പോർട്ടർ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ദേശീയ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍ വിതരണം ചെയ്ത കിറ്റിലാണ് 500രൂപ കൂടി നല്‍കിയത്. ഇക്കാര്യം എന്‍എച്ച്എഐ അധികൃതരെ കണ്ട് ചോദിക്കുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ദിപ്താന്‍ഷു ശേഖര്‍ ദാസ് പറഞ്ഞു.

സംഭവത്തില്‍ ബിജെപിക്കു പങ്കില്ലെന്നും ദേശീയ പാത അതോറിറ്റിയാണ് കിറ്റ് വിതരണം ചെയ്തതെന്നുമാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ ഈ നിലപാട് എന്‍എച്ച്എഐ അംഗീകരിക്കുന്നില്ല. ‘മാധ്യമപ്രവര്‍ത്തകര്‍ കിറ്റ് വിതരണം ചെയ്യാന്‍ മാത്രമാണ് എന്നോട് പറഞ്ഞത്. അതിനുള്ളില്‍ എന്താണെന്ന് എനിക്കറിയില്ല.’ സംഭവത്തെക്കുറിച്ച് എന്‍എച്ച്എഐ പിആര്‍ഒ സിവന്‍ സിങ് പരിഹാര്‍ പറയുന്നു.

അതിനിടെ പബ്ലിസിറ്റിക്കായി ബി.ജെ.പി ചെയ്തതാണ് ഇതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈക്കൂലി നല്‍കി പാര്‍ട്ടി പരിപാടികള്‍ക്ക് പബ്ലിസിറ്റി വര്‍ധിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നാണ് ആരോപണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ