ന്യൂഡൽഹി: ബ്രിക്സ് രാജ്യങ്ങളുടെ സമ്മേളനത്തിനായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ബീജിംഗ് സന്ദർശിക്കാനിരിക്കേ, ദോക്ലാം തർക്കത്തിലെ നിലപാടിലുറച്ച് ചൈന. ഇന്ത്യയാണ് അതിർത്തി ലംഘിച്ചതെന്നും മാനസാക്ഷിത്വപരമായി സ്വയം പിൻവാങ്ങാൻ ഇന്ത്യ തയ്യാറാകണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി പറഞ്ഞു.

ചൈനീസ് സുരക്ഷ ഉപദേഷ്ടാവ് യാംഗ് ജിയേച്ചിയുമായാണ് അജിത് ഡോവൽ ചർച്ച നടത്താനിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിദേശ കാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് വിലയില്ലെങ്കിലും ഇന്ത്യ ഇത് മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് മേൽ കുറ്റം ചാർത്തി അതിർത്തിയിൽ ചൈന നടത്തുന്ന നയതന്ത്ര ലംഘനങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയെന്നാണ് ഇന്ത്യ വിലയിരുത്തിയിരിക്കുന്നത്.

അപ്രായോഗിക പ്രശ്ന പരിഹാര സാധ്യതകൾ ഇന്ത്യ ഉപേക്ഷിക്കണമെന്ന് ഇന്നലെ ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യ സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കുമെന്നും സൈനികർക്ക് ഇവിടെ വച്ച് പരിശീലനം നൽകുമെന്നും ചൈന പ്രസ്താവിച്ചിരുന്നു.

പക്ഷെ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന ഔദ്യോഗിക വെബ്സൈറ്റിലെ ചൈനീസ് ഭാഷ വിഭാഗത്തിൽ മാത്രമാണ് പ്രസിദ്ധീകരിച്ചത്. ഒദ്യോഗിക മാധ്യമത്തിന്റെ ഇംഗ്ലീഷ് ഭാഷ വിഭാഗത്തിൽ ഇത് പ്രസിദ്ധീകരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ