ഹരിയാന: കഴിഞ്ഞ 48 മണിക്കൂറില്‍ ഒട്ടനവധി ട്വീറ്റുകളാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്നിരിക്കുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് നേടിയ ബാഡ്‌മിന്‍റണ്‍ താരം ശ്രീകാന്ത് കിടമ്പിക്കുള്ള അനുമോദനം, നൂറു ദിവസം തികച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങിനുള്ള അനുമോദനം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്ത് ‘ എന്നിവയൊക്കെ അദ്ദേഹത്തിന്‍റെ ട്വീറ്റില്‍പ്പെടും. ഒന്നൊഴിച്ച്, ജുനൈദിനെക്കുറിച്ചാണ് ഹരിയാന മുഖ്യമന്ത്രി നിശബ്ദത പാലിക്കുന്നത്.

വ്യാഴാഴ്ചയാണ് ബീഫ് കൈയ്യില്‍ വച്ചു എന്ന ആരോപണത്തിന്‍റെ പേരില്‍ ഫരീദാബാദില്‍ വച്ച് പതിനഞ്ചുകാരനായ ഹഫീസ് ജുനൈദ് വധിക്കപ്പെടുന്നത്. രാജ്യമൊട്ടാകെ ജുനൈദ് ചര്‍ച്ചയാവുമ്പോഴും മറ്റുള്ള എല്ലാ കാര്യങ്ങളെയും കുറിച്ച് ട്വീറ്റ് ചെയ്യുന്ന ഹരിയാന മുഖ്യന്‍റെ @mlkhattar എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ ജുനൈദിന്‍റെ കൊലപാതകത്തെക്കുറിച്ച് ഒരക്ഷരരുമില്ല.

ജുനൈദ് വധിക്കപ്പെട്ട് ഇരുപത്തിനാലുമണിക്കൂർ തികയുന്നതിനു മുമ്പ് വിവിധ കേന്ദ്ര ആനുകൂല്യങ്ങളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ട്വീറ്റുകളുണ്ട്. ജുനൈദിന്‍റെ മരണത്തില്‍ അപലപനമോ ദുഃഖമോ രേഖപ്പെടുത്താത്ത മുഖ്യന്‍റെ ടൈംലൈനില്‍ അദ്ദേഹം പങ്കെടുത്ത നിരവധി പരിപാടികളും ചിത്രങ്ങള്‍ സഹിതം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ശനിയാഴ്ച റോഡിലെ കുഴിയുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത ആളോട് “വേണ്ടകാര്യങ്ങള്‍ ചെയ്യുന്നുണ്ട് ” എന്നായിരുന്നു കുഴി മൂടാനുള്ള ഒരു ലോഡ് മണ്ണുസഹിതം മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് മറുപടി നല്‍കിയത്.

ഹരിയാനയില്‍ നിന്നുമുള്ള ഒരു ബിജെപി നേതാവ് പോലും ഇതുവരെ ജുനൈദിന്റെ വീട് സന്ദര്‍ശിച്ചിട്ടില്ല. അതിനിടയില്‍, സിപിഎം നേതാക്കളായ വൃന്ദ കാരാട്ടും മുഹമ്മദ്‌ സാലിമും ജുനൈദിന്‍റെ വീട് സന്ദര്‍ശിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ