വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനില്ലെന്ന് അദ്ദേഹത്തിന്‍റെ മണ്ഡലമായ വാരണാസിയില്‍ പോസ്റ്റര്‍. വാരണാസി എംപിയെ കാണാനില്ല എന്നാണ് പോസ്റ്ററിന്‍റെ ഉള്ളടക്കം. ഏതു നാട്ടിലേക്കാണ് പോയതെന്ന് ആര്‍ക്കുമറിയില്ലെന്നും പോസ്റ്ററില്‍ പറയുന്നു.

മോദിയുടെ ചിത്രമടക്കം ഉള്‍പ്പെട്ടതാണ് പോസ്റ്റര്‍. വാരണാസിയിലെ എംപിയെ അവസാനമായി മണ്ഡലത്തില്‍ കണ്ടത് മാര്‍ച്ച് നാല് മുതല്‍ ആറ് വരെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള റാലിക്കിടെയാണെന്നും പോസ്റ്ററില്‍ ആരോപണമുണ്ട്. എംപിയെ ഉടന്‍ കണ്ടെത്തിയില്ലെങ്കില്‍ കാണാതായ എംപിക്ക് വേണ്ടി മിസ്സിംഗ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോസ്റ്ററില്‍ പറയുന്നു.

പോസ്റ്ററിനു താഴെ വാരാണാസിയിലെ നിസ്സഹായരും നിരാശരുമായ ജനങ്ങള്‍ എന്നാണ് നല്‍കിയിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ മുതല്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ശനിയാഴ്ചയോടെ പോലീസ് ഇടപെട്ട് നീക്കം ചെയ്തു. ജില്ലാ കോടതി ചുമരിലും വാരണാസിയുടെ പ്രവേശന കവാടങ്ങളിലും പോസ്റ്റര്‍ പതിപ്പിച്ചിരുന്നു.

പോസ്റ്ററുകള്‍ പിന്നീട് പൊലീസെത്തി നീക്കം ചെയ്തു. നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രതിപക്ഷനീക്കമാണിതെന്നാണ് ബിജെപിയുടെ ആരോപണം.

നേരത്തെ, സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും കാണാനില്ലെന്ന് അവരുടെ മണ്ഡലങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ