മുംബൈ: രാജ്യത്തെ പ്രമുഖ സമ്പന്നന്‍, റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിത അംബാനിയുടേയും മൂത്ത മകന്‍ ആകാശ് അംബാനി വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമുഖ രത്നവ്യാപാരി റസല്‍ മേത്തയുടെ മൂത്ത മകള്‍ ശ്ലോക മേത്തയാണ് ആകാശിന്റെ വധു. രത്നവ്യാപാര കമ്പനിയായ റോസി ബ്ലൂ ഇന്ത്യയുടെ ഡയറക്ടറാണ് റസല്‍ മേത്ത. ഇരുകുടുംബങ്ങളും വിവാഹ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്നാല്‍ വരുന്ന ആഴ്ചകളില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് വിശ്വസനീയ വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. വിവാഹ നിശ്ചയം ഈ മാസം അവസാനത്തോടെയും വിവാഹം ഡിസംബറിലും നടത്താനാണ് ഇരുകുടുംബങ്ങളുടേയും തീരുമാനമെന്നാണ് അറിയുന്നത്.

മാര്‍ച്ച് 24ന് വിവാഹ വാര്‍ത്തകളോട് പ്രതികരിക്കുമെന്നാണ് റിലയന്‍സ് വക്താവില്‍ നിന്നും അറിയാന്‍ കഴിയുന്നത്. ശ്ലോകയും ആകാശും ദീരുബായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. എങ്കിലും കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കുടുംബങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

റോസി ബ്ലൂ ഇന്ത്യയുടെ പ്രധാന ചുമതല വഹിക്കുന്നവരില്‍ ഒരാളാണ് ശ്ലോക. റിലയന്‍സ് ജിയോയുടെ ചുമതലക്കാരനാണ് 26കാരനായ ആകാശ് അംബാനി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ