ന്യൂഡൽഹി: ഇന്ത്യയുടെ റേറ്റിങ് ഉയർത്തി അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡീസിന്‍റെ റിപ്പോർട്ട് വന്നതിനു പിന്നാലെ കേന്ദ്ര സർക്കാരിന്‍റെ സമീപകാല പരിഷ്കാരങ്ങളെ വിമർശിച്ചവരെ പരിഹസിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളും മറ്റും അംഗീകരിക്കപ്പെട്ടുവെന്നും വിമർശകർ ഇത് കണ്ണുതുറന്ന് കാണണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

13 വർഷത്തിന് ശേഷമാണ് മൂഡീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റ് ഉയർത്തുന്നത്. അടുത്ത കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്ക്കാരങ്ങളാണ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റ് ഉയർത്തുന്നതിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.

രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിന് ഗുണപ്രദമായ പരിഷ്കാരങ്ങളായിരുന്നിട്ടും അവ അംഗീകരിക്കപ്പെടാൻ ഏറെ വൈകിയെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയപ്പോൾ ഏറെപ്പേരാണ് അതിനെ എതിർത്തതെന്നും അതിലേറെപ്പേർ സംശയം പ്രകടിപ്പിക്കുകയും ചെയ്തെന്നും ധനമന്ത്രി വ്യക്തമാക്കി.

2004ൽ ഇന്ത്യയുടെ റേറ്റിങ് ബിഎഎ3 ആയിരുന്നു. 2015ൽ റേറ്റിങ് പോസ്റ്റീവിൽനിന്ന് സ്റ്റേബിൾ എന്ന നിലയിലേക്കു മാറ്റി. മൂഡി റേറ്റിങ്ങിലെ ഏറ്റവും താഴ്ന്ന സ്ഥാനമാണ് ബിഎഎ3. 2018 മാർച്ച് ആകുമ്പോഴേക്കും ഇന്ത്യയുടെ ജിഡിപി 6.7 ശതമാനമായി ഉയരുമെന്നും 2019ൽ ഇത് 7.5 ശതമാനത്തിലെത്തുമെന്നുമാണു മൂഡീസിന്റെ വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ