രണ്ടു പതിറ്റാണ്ടിനു ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് 323 എന്ന മാന്ത്രിക സംഖ്യാ സീറ്റുമായി ബി.ജെ.പി പിടിച്ചടക്കിയിരിക്കുന്നു. മറ്റൊന്നുമല്ല, നരേന്ദ്ര മോദി പ്രഭാവം തന്നെയാണ് യു.പിയില്‍ പ്രതിഫലിച്ചത്. നോട്ട് നിരോധനം പോലൊരു നിര്‍ണായക തീരുമാനമെടുത്തിട്ടും മോദിയുടെ വിശ്വാസ്യതയ്ക്ക് ഒട്ടും ഇളക്കം തട്ടിയിട്ടില്ലെന്ന് യുപി ഫലം വിളിച്ചു പറയുന്നു.

uttar pradesh, bjp

ഉത്തരാഖണ്ഡില്‍ ബിജെപി നടത്തിയ തേരോട്ടം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ കൂടി സംഭാവനയുടെ ഫലമാണെന്ന് പറയാതെ വയ്യ. മോദി-അമിത് ഷായ്ക്കു കീഴിലുള്ള പുതിയൊരു ബി.ജെ.പിയാണ് ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഊര്‍ജസ്വലനായ ഒരു നേതാവുള്ള, ജനപ്രീതിയുള്ള ഒരു പാര്‍ട്ടിയായി ബി.ജെ.പി വളര്‍ന്നിരിക്കുന്നു. അമിത് ഷായുടെ തന്ത്രങ്ങളും സംഘടനാനൈപുണ്യവും, മോദിയുടെ വ്യക്തിപ്രഭാവത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ സഹായകമായി.

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മാജിക്കായി മാറിയ ബിജെപിയുടെ മുഖ്യ ആയുധങ്ങളായിരുന്ന നോട്ട് നിരോധനവും, സര്‍ജിക്കല്‍ സ്ട്രൈക്കും ചെറിയ സംസ്ഥാനങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നത് ബിജെപിയുടെ വിജയമധുരത്തിനിടയിലെ കയ്പ്പുള്ള അനുഭവമായി. അതിലൂടെ ബിജെപിക്ക് നഷ്ടമാക്കിയത് പഞ്ചാബിനെയാണ്, ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഗോവയേയും മണിപ്പൂരിനേയുമാണ്.

ബി.ജെ.പിക്കെതിരെ യു.പിയിലെ 18 ശതമാനം വരുന്ന മുസ്ലീങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് എസ്.പി-കോണ്‍ഗ്രസ് സഖ്യവും മായാവതിയും പ്രതീക്ഷിച്ചത് തകര്‍ന്ന് എല്ലാ പ്രതീക്ഷകളും മോദിയില്‍ അര്‍പ്പിക്കപ്പെടുകയാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കിട്ടിയ ജനപ്രീതിയോളം അത് ഉയര്‍ന്നുവെന്ന് പറഞ്ഞാലും തെറ്റില്ല.

ബി.ജെ.പിയുടെ, അതിന്റെ സംഘടനാ സംവിധത്തിന്റെ പൂര്‍ണ നിയന്ത്രണവും മോദിയുടെ കൈയിലാണ്. പാര്‍ട്ടി അതിന്റെ മറ്റ് വഴികളെയൊക്കെ തള്ളിക്കളഞ്ഞിരിക്കുന്നു, ഒപ്പം, അടുത്ത കാലത്തൊന്നും ബി.ജെ.പി മോദിയുടെ കൈപ്പിടിയില്‍ നിന്ന് പോവുകയുമില്ല എന്നതും ഉറപ്പ്.

മുസ്ലീം വോട്ടില്‍ വന്‍തോതില്‍ ഭിന്നിപ്പുണ്ടായി എന്നു തന്നെയാണ് പുറത്തു വരുന്ന ഫലം തെളിയിക്കുന്നത്. അതിനൊപ്പം, വലിയൊരു വിഭാഗം യാദവ വോട്ടുകള്‍ പോലും ബി.ജെ.പി നേടിയെന്നും ഫലം സൂചിപ്പിക്കുന്നു. ഇവിടെയും വിജയിച്ചത് അമിത് ഷായുടെ തന്ത്രങ്ങള്‍ തന്നെ. മോദിയിലും ബിജെപിയിലും ജനങ്ങള്‍ അര്‍പ്പിച്ച ഈ വിശ്വാസം എത്രത്തോളം കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന് വരുന്ന രണ്ട് വര്‍ഷത്തെ ഭരണത്തില്‍ കാണാനാവും. “കാലങ്ങളായി തങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ഗുണവും എസ്പി ഭരണത്തിന്‍ കീഴില്‍ ലഭ്യമായിട്ടില്ല, അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ലാത്തത് കൊണ്ട് തന്നെ ബിജെപിയെ തെരഞ്ഞെടുക്കുന്നു”, ഇതാണ് ഒരു സാധാരണ യുപി വോട്ടറുടെ നിലപാട്.

uttar pradesh, bjp

അഖിലേഷ് യാദവും മായാവതിയും ഇപ്പോള്‍ നേരിടുന്നത് മറ്റൊരു ഭീഷണിയാണ്. യു.പി രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും തങ്ങള്‍ക്ക് ഇടമുണ്ടെന്ന് സ്ഥാപിക്കുക എന്ന വലിയ വെല്ലുവിളിയാണ് ഇരുവരേയും കാത്തിരിക്കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം യു.പി തെരഞ്ഞെടുപ്പ് ഫലം ഒരു ദുരന്തം തന്നെയാണ്. അതോടൊപ്പം, അദ്ദേഹത്തിന്റെ നേതൃത്വം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന ശബ്ദങ്ങള്‍ കൂടുതല്‍ ഉച്ചത്തിലാവുകയും ചെയ്യും.

ആം ആദ്മി പാര്‍ട്ടിക്ക് ഗോവയിലും പഞ്ചാബിലും സംഭവിച്ച ഇടര്‍ച്ച ബിജെപിക്ക് നേട്ടമാണ്. നരേന്ദ്രമോദിക്ക് പകരക്കാരനായ നേതാവാകാമെന്ന് സ്വപ്നം കണ്ട എഎപി നേതാവ് അരവിന്ദ് കേജ്രിവാളിന് കിട്ടിയ അടി തന്നെയാണ് ഗോവയിലേയും പഞ്ചാബിലേയും ഫലങ്ങള്‍. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ നീക്കി ആ സ്ഥാനത്തേക്ക് എത്താമെന്ന കേജ്രിവാള്‍ മോഹം കൂടിയാണ് ഇവിടെ പൊലിഞ്ഞ് വീഴുന്നത്.

പ്രധാന എതിരാളികളുടേയും ചെറുപാര്‍ട്ടികളുടേയും രാഷ്ട്രീയഭാവി ശൂന്യമാക്കി കൊണ്ട് സുപ്രധാനമായൊരു ശക്തിയായി ദേശീയതലത്തില്‍ ബിജെപി വളര്‍ന്നു കഴിഞ്ഞു. ഒരു വശത്ത് മോദിയുടെ ബിജെപിയും, മറുവശത്ത് ബാക്കിയുള്ളവരുമായി മാറിയ ഈ അപൂര്‍വ രാഷ്ട്രീയ ഘട്ടത്തില്‍, മുമ്പ് പടര്‍ന്ന് പന്തലിച്ച കോണ്‍ഗ്രസിനെതിരെ പാര്‍ട്ടികള്‍ ഒന്നു ചേര്‍ന്നത് പോലെയൊരു സഖ്യസാധ്യത ഉരുത്തിരിഞ്ഞാലും അതിശയപ്പെടാനില്ല.

ലിസ് മാത്യു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ