ഭിന്നശേഷിയുള്ളവർക്ക് ഹജ് യാത്രക്ക് അപേക്ഷിക്കാനുള്ള നിരോധനം കേന്ദ്ര സർക്കാർ നീക്കി. ഭിന്നശേഷിയുളളവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് സർക്കാരിന്റെ നടപടി.

“കഴിഞ്ഞ 60 വർഷമായി നിലവിലുള്ള നിരോധനമാണിത്. ഒരു പക്ഷെ സൗദി അറേബ്യയിൽ ഇത്തരമൊരു നിയന്ത്രണം നിലവിൽ ഉണ്ടായിരിക്കാം.ഏതായാലും ഞങ്ങൾ ആ നിയന്ത്രണം എടുത്തു മാറ്റുകയാണ്.” കേന്ദ്ര ന്യുനപക്ഷ കാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു.

ഭിന്നശേഷിയുളളവരെ നിയന്ത്രിക്കുന്ന ഹജ് കമ്മിറ്റിയുടെ മാർഗ രേഖ 2016 ലെ അംഗവിഹീനരുടെ അവകാശ സംരക്ഷണ നിയമവുമായി ബന്ധപ്പെടുത്താൻ സർക്കാർ ഇന്ത്യയിലെ ഹജ് കമ്മിറ്റിയോടാവശ്യപ്പെട്ടിട്ടുണ്ട്.

ഹജ് കമ്മിറ്റിയുടെ വെബ് സൈറ്റിൽ ഭിന്നശേഷിയുളളവരെ പരാമർശിച്ചിരിക്കുന്നത് മനുഷ്യത്വ രഹിതമായാണെന്ന് കാണിച് ഇന്ത്യൻ എക്സ്‌പ്രസ്സ് കഴിഞ്ഞ ആഴ്ച്ച റിപ്പോർട്ട് ചെയ്തിരുന്നു.  തുടർന്ന് ഈ പരാമർശം സൈറ്റിൽ നിന്ന് നീക്കം ചെയ്തു.

വാർധക്യത്തിലെത്തിയവർക്ക്  ഹജ് കർമ്മം നിർവഹിക്കാൻ ചില സവരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചുവടു പിടിച്ച് ഭിന്നശേഷിയുളളള്ളവർക്കും സംവരണം ഏർപ്പെടുത്തുന്ന കാര്യം പരിഗണിച്ചു വരികയാണെന്നും സൗദി അറേബ്യയിലെ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടി നോക്കേണ്ടതുണ്ട് എന്നും മന്ത്രി പറഞ്ഞു.

ഹജ് കമ്മിറ്റിയുടെ 2017 ഒക്ടോബറിൽ സമർപ്പിച്ച റിവ്യൂ റിപ്പോർട്ടിലാണ് 2018 മുതൽ 2022 വരെ ഭിന്നശേഷിയുളളവരെ ഹജ് യാത്രക്ക് അപേക്ഷിക്കുന്നതിൽ നിന്നും വിലക്കി കൊണ്ടുള്ള ഭാഗമുള്ളത്.

ഭിന്നശേഷിയുളളവരുടെ അവകാശത്തിനായി പ്രവർത്തിക്കുന്ന നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ് റൈറ്റസ് ഓഫ് ദ് ഡിസേബ്ൾഡി (National Platform for the Rights of the Disabled) ന്റെ സെക്രട്ടറി മുരളീധരൻ, സി പി എമ്മിന്രെ രാജ്യ സഭാ എം പി ടി കെ രംഗരാജൻ എന്നിവരാണ് മന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയെ കണ്ടത്.

ഹജ് കമ്മിറ്റി വെബ് സൈറ്റിൽ ഭിന്നശേഷിയുളളവരെ തരം താണ രീതിയിലാണ് വിവരിക്കുന്നതെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. കാല് മുറിച്ചവർ , മുടന്തന്മാർ, മറ്റു വൈകല്യമുളവർ , ഭ്രാന്തന്മാർ ..എന്നിങ്ങനെ പോകുന്നു സൈറ്റിലെ പ്രയോഗങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ