ന്യൂഡൽഹി: മുൻ ലോക്സഭ സ്പീക്കർ മീരാ കുമാറിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ ധാരണ. കോൺഗ്രസ് പ്രധാനമായി പരിഗണിച്ച മീരാ കുമാറിന്റെ സ്ഥാനാർത്ഥിത്വം യോഗത്തിൽ പൊതുവേ സ്വീകരിക്കപ്പെട്ടു.

ബിജെപി മുന്നോട്ട് വച്ച ദളിത് കാർഡ് തന്നെയാണ് പ്രതിപക്ഷവും ഉയർത്തിയിരിക്കുന്നത്. രാജ്യത്തെ ആദ്യ വനിത ലോക്സഭ സ്പീക്കറായ മീരാ കുമാർ കോൺഗ്രസ് നേതാവ് കൂടിയാണ്. മുൻ കോൺഗ്രസ് നേതാവ് ജഗ്ജീവൻ റാമിന്റെ മകളായ ഇവർ, മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ ഒന്നാം യുപിഎ സർക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് കൈകാര്യം ചെയ്ത കേന്ദ്രമന്ത്രി കൂടിയാണ്.

കോവിന്ദിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച ജെഡിയു യോഗത്തില്‍ പങ്കെടുത്തില്ല. സോണിയ ഗാന്ധിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. ഡിഎംകെ, എന്‍സിപി, ആം ആദ്മി പാര്‍ട്ടി എന്നിവരുടെ കൂടി പിന്തുണ ഉറപ്പായ സാഹചര്യത്തില്‍ എസ്പിയുടെയും, ബിഎസ്പിയുടെയും പിന്തുണ കൂടി ഉറപ്പിച്ച് പ്രതിപക്ഷം രാഷ്രീയമായി ശക്തി പ്രകടിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

പ്രകാശ് അംബേദ്കറിനെയാണ് പ്രതിപക്ഷം മീരാ കുമാറിനൊപ്പം രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ജെഡിയുവിനെ അനുനയിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നീക്കം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഇന്നത്തെ യോഗത്തില്‍ എടുക്കുന്ന തീരുമാനപ്രകാരം പ്രവര്‍ത്തിക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് നേരത്തേ വ്യക്തമാക്കിയിരുന്നു. റാംനാഥ് കോവിന്ദിനെ അണ്ണാ ഡിഎംകെ അമ്മ പാർട്ടി പിന്തുണയ്ക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ കോവിന്ദിന് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഭിന്നതയുണ്ടെന്നാണ് സൂചന. ദിനകരൻ പക്ഷത്തെ 34 എംഎൽഎമാർ പരിപാടിയിൽ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ