ന്യൂഡല്‍ഹി : മണിപ്പൂരിലെ ഏറ്റുമുട്ടല്‍ കൊലകള്‍ അന്വേഷിക്കാന്‍ സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയ സുപ്രീംകോടതി വിധിയുടെ പാശ്ചാത്തലത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍. ആവശ്യമായ തെളിവുകള്‍ ശേഖരിച്ചുകൊണ്ട് സുരക്ഷാഭടന്മാരുമടക്കം സംശയമുള്ളവര്‍ക്കെതിരെയുള്ള അന്വേഷണം നടക്കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണലിന്‍റെ പ്രോഗ്രാം മാനേജര്‍ അരിജിത് സെന്‍ പറഞ്ഞു.

“മണിപ്പൂരിലെ ഏറ്റുമുട്ടല്‍ കൊലകളിളായി പ്രിയപ്പെട്ടവരേ നഷ്ടപ്പെട്ട പലര്‍ക്കും നീതിലഭിക്കും എന്ന പ്രതീക്ഷ നല്‍കുന്നതാണ് സുപ്രീംകോടതിയുടെ വിധി. ഇത്തരം കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഇടയാവരുത്. വേണ്ട തെളിവുകള്‍ കണ്ടെത്തുന്നപക്ഷം സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ തന്നെ നല്‍കണം” അരിജിത് സെന്‍ പറഞ്ഞു.

സായുധസേനയുടെ പ്രത്യേകാധികാര നിയമം (അഫ്സ്പ) ദുരുപയോഗപ്പെടുത്തികൊണ്ട് സുരക്ഷാസേന നടത്തുന്ന അവകാശലംഘനങ്ങള്‍ക്കെതിരായ നടപടിക്രമങ്ങള്‍ക്ക് ഈ സുപ്രീംകോടതി വിധി മാതൃകയാവട്ടെയെന്നും അരിജിത് സെന്‍ പറഞ്ഞു.

ഒരുപാട് കാലം കഴിഞ്ഞ കേസ് അന്വേഷിക്കരുത് എന്ന് സുപ്രീംകോടതിയോട് പറഞ്ഞ കേന്ദ്ര സര്‍ക്കാരിനോട്. ” ഭരണകൂടം ഒരു നടപടിയും എടുത്തില്ല. സമയം പോവാന്‍ അനുവദിച്ചു എന്ന കാരണം കാണിച്ചുകൊണ്ട് അന്വേഷണത്തില്‍ കാലതാമസം വരുത്താന്‍ ഇനിയും സാധിക്കില്ല” എന്നായിരുന്നു എം ബി ലോകുര്‍, യുയു ലളിത് എന്നിവര്‍ അടങ്ങിയ ബെഞ്ച്‌ പറഞ്ഞത്.

കേസ് പരിഗണിക്കവെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ “പല്ലില്ലാത്ത കടുവ” എന്ന് വിശേഷിപ്പിച്ച കോടതി. മനുഷ്യാവകാശ കമ്മീഷനു വേണ്ടവിധത്തില്‍ പ്രവര്‍ത്തിക്കാനുള്ള വിഭവങ്ങളില്ല എന്നും അതിന്‍റെ നിര്‍ദ്ദേശങ്ങള്‍ നിരന്തരം അവഗണിക്കുകയാണ് എന്നും പറഞ്ഞു.

2000ലാണ് സുരക്ഷാഭടന്മാര്‍ക്ക് പങ്കുള്ളതായി ആരോപിക്കപ്പെടുന്ന മണിപ്പൂരിലെ 1,528 കൊലപാതകങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതിയില്‍ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ