ജയ്പൂര്‍: രാജസ്ഥാനില്‍ ലക്ഷങ്ങള്‍ വിലയുളള സൂപ്പര്‍ബൈക്ക് അപകടത്തില്‍ 30കാരന്‍ മരിച്ചു. അമിതവേഗതയിലായിരുന്ന ബൈക്ക് അപകടത്തില്‍ രോഹിത് സിങ് ഷെഖാവത്ത് ആണ് ജയ്പൂരില്‍ മരിച്ചത്. അപകടത്തിന് ശേഷം ഹെല്‍മറ്റ് ഊരി മാറ്റാന്‍ കഴിയാതെ മസ്തിഷ്കത്തിലെ രക്തയൊഴുക്കിനെ തുടര്‍ന്നാണ് മരിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു വാഹനനിര്‍മ്മാണ കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുന്ന ഷെഖാവത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. കാവാസാക്കിയുടെ 22 ലക്ഷത്തോളം രൂപ വിലയുളള നിഞ്ച ZX10R മോഡല്‍ ബൈക്ക് മണിക്കൂറില്‍ 300 കി.മി. വേഗതയില്‍ വരെ ഓടിക്കാന്‍ കഴിയും. ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്.

റോഡ് മുറിച്ച് കടക്കുകയായിരുന്ന രണ്ട് പേരെ മറികടക്കാന്‍ ശ്രമിക്കവേയാണ് അപകടം ഉണ്ടായത്. വഴിയാത്രക്കാരെ ഇടിച്ച​ ശേഷം ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിലത്ത് വീണ ബൈക്കിനൊപ്പം 50 അടിയോളം ഷെഖാവത്തും തെറിച്ചുവീണു. ഉടന്‍ തന്നെ നാട്ടുകാര്‍ ഹെല്‍മറ്റ് ഊരിമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ല. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ ഹെല്‍മറ്റിന്റെ സ്ട്രാപ് മുറിച്ച് മാറ്റുകയായിരുന്നു.

50,000 രൂപയോളം വിലയുളള ഇറക്കുമതി ചെയ്ത ഹെല്‍മറ്റ് ആയിരുന്നു യുവാവ് ധരിച്ചതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ഒതുക്കമുളള ഹെല്‍മറ്റ് യാത്രക്കാരന്റെ തലയില്‍ നിന്നും വേഗത്തില്‍ ഇളകി മാറില്ല. ബൈക്ക് ഇടിച്ച വഴിയാത്രക്കാരില്‍ ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുന്‍ഭാഗം ഭാഗികമായി തകര്‍ന്ന ബൈക്കിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ