താനെ: മുംബൈയില്‍ ആള്‍ക്കൂട്ടം യുവാവിനെ തലകീഴാക്കി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. താനെയില്‍ നടന്ന ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. രണ്ട് പൊലീസുകാര്‍ നോക്കി നില്‍ക്കെയാണ് മൃഗീയമായ ആള്‍ക്കൂട്ട ആക്രമണം നടന്നത് എന്നതും ഞെട്ടിക്കുന്നതാണ്.

മാനസികാസ്വസ്ഥമുളള 28കാരനായ മര്‍ദ്ദനത്തിനിടെ നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ യുവാവിന്റെ കരച്ചിലും പിടച്ചിലും നിലയ്ക്കുന്നത് വരെ അക്രമം തുടര്‍ന്നു. അക്രമിസംഘത്തില്‍ പെട്ട അമിത് പാട്ടീല്‍, ബല്‍റാം ഫുരാദ് എന്നിവരെ പൊലീസ് തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തു.

അക്രമം നോക്കി നിന്ന രണ്ട് പൊലീസ് കോണ്‍സ്റ്റബിളുമാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവ് ആരാണെന്ന് വ്യക്തമായിട്ടില്ല. ഇയാളെ അക്രമിക്കാനുണ്ടായ സാഹചര്യവും വ്യക്തമല്ല. എന്നാല്‍ ഒരു വാഹനത്തില്‍ വന്ന ഇയാള്‍ കടകള്‍ അടിച്ചു തകര്‍ത്ത് പ്രകോപനം ഉണ്ടാക്കിയെന്നാണ് നാട്ടുകാരുടെ വാദം. ഇയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണെന്നും മാനസികാസ്വസ്ഥ്യം ഉളതായാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ