ന്യൂഡല്‍ഹി: രണ്ട് യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച 25കാരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. മെട്രോ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. ഒരു മാധ്യമപ്രവര്‍ത്തകയേയും മറ്റൊരു യുവതിയേയും ആണ് ഇയാള്‍ ഉപദ്രവിച്ചത്. സ്റ്റേഷന്റെ അടുത്തായി ചായ വില്‍പ്പന നടത്തുന്ന അഖിലേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകയെ ഇയാള്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിന്റെ വിഡിയോ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ മാധ്യമപ്രവര്‍ത്തക പ്രതികരിച്ചതോടെ ഇയാള്‍ ഓടിപ്പോവുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി 9.30ഓടെയാണ് സംഭവം നടന്നത്. സ്റ്റേഷനിലെ പടികളിറങ്ങുകയായിരുന്ന മാധ്യമപ്രവര്‍ത്തകയെ ഇയാള്‍ പിന്നില്‍ നിന്നും പിടിക്കുകയായിരുന്നു. തിരിഞ്ഞു നിന്ന യുവതി എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ഇയാള്‍ അറിയാതെ തൊട്ടതാണെന്ന് പറയുകയായിരുന്നു. എന്നാല്‍ യുവതി സംസാരിച്ചതോടെ ഇയാള്‍ മാറില്‍ കയറിപ്പിടിച്ചു.

ഉടന്‍ തന്നെ മാധ്യമപ്രവര്‍ത്തക തിരിച്ചടിക്കുകയും ചെയ്തതോടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നാലെ ഓടിയ മാധ്യമപ്രവര്‍ത്തക ഇയാളെ പിന്നില്‍ നിന്നും അടിച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നാലെ ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടു. ഇതിനിടെ മറ്റൊരു യുവതിയും പരാതിയുമായെത്തി. 9.15ഓടെ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. സിസിടിവി ദൃശ്യം പരിശോധിച്ച പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ