നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ബീഫ് കൈവശം വെച്ചിട്ടുണ്ടെന്ന് ആരോപിച്ച് ക്രൂര മര്‍ദ്ദനം. നഗരത്തിലെ ബാര്‍സിംഗി പ്രദേശത്താണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നാലു പേരെ കസ്റ്റഡിയില്‍ എടുത്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാല് പേര്‍ ചേര്‍ന്ന് ഒരാളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. അക്രമത്തിന് ഇരയായ ആള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. പിടിച്ചെടുത്ത മാംസം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായാണ് വിവരം. ബീഫിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന അക്രമങ്ങളുടെ പട്ടികയിലേക്ക് കയറുന്നതാണ് പുതിയ അക്രമവും.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും എതിരായ അക്രമണങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്ത് ഉടനീളം കഴിഞ്ഞ മാസങ്ങളില്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഹരിയാനയിലെ ബല്ലാബ്ഗഢില്‍ മാഥുര ട്രെയിനില്‍വെച്ച് 15കാരനായ ജുനൈദ് ഖാന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ നടന്നത്.

ട്രെയിനില്‍ ഇരിപ്പിടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് അക്രമികള്‍ ബീഫ് കഴിക്കുന്നവരെന്ന് ആക്രോഷിച്ച് ജുനൈദിനെയും സുഹൃത്തുക്കളേയും അക്രമിച്ചത്. ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമണങ്ങളെ നീണ്ട നാളത്തെ മൗനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും അപലപിച്ച് രംഗത്തെത്തി. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നടന്ന ചടങ്ങിനിടെയാണ് ഗോരക്ഷാ അക്രമണങ്ങള്‍ക്കെതിരെ അദ്ദേഹം രംഗത്തെത്തിയത്. എന്നാല്‍ പ്രധാനമന്ത്രി അപലപിച്ച് രംഗത്തെത്തിയതിന് പിന്നാലെയും അക്രമങ്ങള്‍ തുടര്‍ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ