കൊൽക്കത്ത: മുഹറത്തിന് ദുർഗാഷ്ടമിയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനം പാടില്ലെന്ന ഉത്തരവ് നീക്കം ചെയ്ത കൊല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എന്ത് ചെയ്യണമെന്ന് തന്നോട് ആരും പറയേണ്ടെന്ന് മമത പറഞ്ഞു. “ആര്‍ക്കെങ്കിലും എന്റെ കഴുത്ത് അറുക്കാന്‍ സാധിക്കും. പക്ഷെ ഞാന്‍ എന്ത് ചെയ്യണമെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല”, മമത വ്യക്തമാക്കി.

മുഹറത്തിന് വിഗ്രഹ നിമജ്ജനം നടത്തരുതെന്ന മമതയുടെ ഉത്തരവാണ് കൊൽക്കത്ത ഹൈക്കോടതി എടുത്തുകളഞ്ഞത്. മുഹറ ദിനം ഉൾപ്പെടെ എല്ലാ ദിവസവും രാത്രി 12 വരെ വിഗ്രഹനിമജ്ജനം നടത്താമെന്നും കോടതി അറിയിച്ചു. സർക്കാർ ഇതിന് സുരക്ഷ ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു. വിഗ്രഹ നിമജ്ജനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലായിരുന്നു കോടതി ഉത്തരവ്.

മമതയുടെ നടപടിയെയും കോടതി രൂക്ഷമായി വിമർശിച്ചു. എന്ത് കൊണ്ട് ഇരു മതസ്ഥരും ഒരുമിച്ച് ആഘോഷങ്ങള്‍ നടത്തികൂടാ എന്ന് കോടതി ചോദിച്ചു. സര്‍ക്കാര്‍ ഉറച്ച് നിന്നാല്‍ സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.

“രണ്ട് വിഭാഗത്തേയും തമ്മില്‍ എന്തിനാണ് വേര്‍തിരിക്കുന്നത്. അവരെ ഐക്യത്തോടെ ജീവിക്കാന്‍ വിടണം. അവരെ വിഭജിക്കരുത്. അവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണം”, കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവിലായിരുന്നു മമത ബാനര്‍ജി ദുര്‍ഗ്ഗാഷ്ടമി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒക്ടോബര്‍ ഒന്നിനാണ് ഇസ്ലാം മതവിഭാഗക്കാര്‍ മുഹ്‌റം ആഘോഷിക്കുന്നത്. സെപ്തംബര്‍ 30 രാത്രിയോടെ മുഹറവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകളും ചടങ്ങുകളും ആരംഭിക്കും. അതിനാല്‍ ദുര്‍ഗ്ഗാ പൂജയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമഞ്ജനം 30ന് വൈകുന്നേരം ആറ് മണിയോടെ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കണമെന്നും മുഹറം ചടങ്ങുകള്‍ക്ക് ശേഷം ഒക്ടോബര്‍ 2ന് പൂജ ആഘോഷങ്ങള്‍ പുനരാരംഭിക്കാമെന്നും ആയിരുന്നു മമത നിര്‍ദേശിച്ചത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ