മുംബൈ : ചര്‍ച്ചകളില്‍ ഉറപ്പ് നല്‍കിയ പ്രകാരം ആറ് മാസത്തിനുള്ളില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലായെങ്കില്‍ ബിജെപി നേതൃത്വത്തിലുള്ള മഹാരാഷ്ട്രാ സര്‍ക്കാരിനെതിരെ ജനകീയ മുന്നേറ്റം നയിക്കുമെന്ന് സീതാറാം യെച്ചൂരിയുടെ മുന്നറിയിപ്പ്. “ഇത്തവണ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് രേഖാമൂലം എഴുതി തന്നിട്ടുണ്ട്. അത് നിറവേറ്റാനായ് സര്‍ക്കാരിന് ആറുമാസം സമയവുമുണ്ട്. ഈ കാലയിളവില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ തയ്യാറായില്ല എങ്കില്‍ അടുത്ത പ്രതിഷേധത്തില്‍ അണിനിരക്കുന്നത് കര്‍ഷകര്‍ മാത്രമായിരിക്കില്ല. ഒരു വലിയ ജനകീയ മുന്നേറ്റത്തിനാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍ സാക്ഷ്യംവഹിക്കേണ്ടി വരിക. ” സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

കര്‍ഷകരും ആദിവാസികളുമടക്കം ഏതാണ്ട് നാല്‍പത്തിനായിരംപേരാണ് ആറ് ദിവസംകൊണ്ട് നാസിക് മുതല്‍ മുംബൈ വരെയുള്ള 180കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചുകൊണ്ട് തിങ്കളാഴ്ച മുംബൈയില്‍ എത്തിച്ചേര്‍ന്നത്.

തിങ്കളാഴ്ച നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ കര്‍ഷകര്‍ മുന്നോട്ടുവച്ച ഏതാണ്ട് എല്ലാ ആവശ്യങ്ങളെയും മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിച്ചു. വനഭൂമിയില്‍ കൃഷി ചെയ്യാനുള്ള ആദിവാസികളുടെ അവകാശത്തെ അംഗീകരിച്ച സര്‍ക്കാര്‍ 2001 മുതല്‍ 2008 വരെ എടുത്ത കര്‍ഷക കടങ്ങളെല്ലാം എഴുതിത്തള്ളും എന്ന വാഗ്ദാനവും നല്‍കി. “അവരുടെ മിക്കവാറും ആവശ്യങ്ങളെല്ലാം ഞങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. അത് അറിയിച്ചുകൊണ്ട് രേഖാമൂലം കത്തും നല്‍കിയിട്ടുണ്ട്.” മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

‘ബിജെപിക്ക് പ്രതിപക്ഷ-മുക്ത ഇന്ത്യയാണ്‌ വേണ്ടത്, കര്‍ഷകന് കടമില്ലാത്ത ഇന്ത്യയും.’ ബിജെപിയേയും എന്‍ഡിഎയേയും ആക്ഷേപിച്ചുകൊണ്ട് സീതാറാം യെച്ചൂരി പറഞ്ഞു. ” 2016ല്‍ ഇതേ ആവശ്യമുയര്‍ത്തിക്കൊണ്ട് ഒരു ലക്ഷത്തിന് മുകളില്‍ കര്‍ഷകരാണ് നാസിക്കില്‍ പ്രതിഷേധിച്ചത്. അന്ന് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിഞ്ഞ സാഹചര്യത്തിലാണ് ഇപ്പോള്‍ മുംബൈയിലേക്ക് ജാഥ നയിക്കേണ്ടി വന്നത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ആസാദ് മൈദാനില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴും നിശിതമായ ഭാഷയില്‍ തന്നെയാണ് സര്‍ക്കാര്‍ നയങ്ങളെ യെച്ചൂരി കടന്നാക്രമിച്ചത്. ” കര്‍ഷക ആത്മഹത്യ അവസാനിപ്പിക്കുന്നതുവരെ ഞങ്ങള്‍ സമരം തുടരും. കോര്‍പ്പറേറ്റുകളുടെ കടം എഴുതിതള്ളുന്ന സര്‍ക്കാര്‍ കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ വിമുഖത കാണിക്കുകയാണ്. ” സിപിഎം ജനറല്‍സെക്രട്ടറി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ