മുംബൈ: കാർഷിക വായ്പകൾ എഴുതി തള്ളി മഹാരാഷ്ട്ര സർക്കാരിന്റെ ചരിത്രപരമായ തീരുമാനം. സംസ്ഥാനത്ത് വലിയ കർഷക പ്രക്ഷോഭങ്ങൾക്ക് കാരണമായ വിഷയത്തിൽ 34000 കോടിയുടെ വായ്പകളാണ് സർക്കാർ എഴുതി തള്ളിയത്. കർഷകർക്ക് മന്ത്രിമാർ നൽകിയ ഉറപ്പ് ഇതോടെ പാലിക്കപ്പെട്ടു. ഈ തീരുമാനം ഏതാണ്ട് 89 ലക്ഷം കർഷകർക്ക് ഉപകാരപ്പെടും.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നര ലക്ഷം വരെയുള്ള കാർഷിക വായ്പകൾ ഇതോടെ പൂർണ്ണമായും എഴുതി തള്ളും. 89 ലക്ഷം പേരിൽ 40 ലക്ഷം കർഷകരുടെ കടം പൂർണ്ണമായും എഴുതിതള്ളുന്നതോടെ സംസ്ഥാനത്തെ കർഷകരുടെ വലിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

പണം കൃത്യമായി തിരിച്ചടച്ച കർഷകർക്ക് 25 ശതമാനം ഇളവാണ് വായ്പയിൽ ലഭിക്കുക. എല്ലാ വകുപ്പുകളും ഈ താരുമാനത്തിന്റെ ബാധ്യത വഹിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ചിലവുകൾ കുറച്ചായിരിക്കും സർക്കാർ മുന്നോട്ട് പോവുക.

ഈ തീരുമാനം നടപ്പിലാക്കുന്നതിനായി തങ്ങളുടെ ഒരു മാസത്തെ വേതനം എല്ലാ എംഎൽഎമാരും മന്ത്രിമാരും നൽകുന്നുണ്ട്. ബാങ്കുകളുമായി ചേർന്ന് നാല് വർഷത്തിനകം തവണകളായി ഈ തുക അടച്ചുതീർക്കാമെന്ന ധാരണയിലെത്താനാണ് സർക്കാരിന്റെ ശ്രമം.

വായ്പ ബാധ്യത കൊണ്ട് വലയുന്ന എല്ലാ ചെറുകിട ഇടത്തരം കർഷകർക്കും ഈ തീരുമാനം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ഖജനാവിന് ഈ തീരുമാനം വലിയ ബാധ്യതയാകുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ന്യൂഡൽഹിയിൽ എൻസിപി അദ്ധ്യക്ഷൻ ശരത് പവാറിനെ കണ്ട മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഈ തീരുമാനത്തെ കുറിച്ച് അദ്ദേഹത്തോട് വിശദീകരിച്ചിരുന്നു.

നേരത്തേ കര്‍ഷകര്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനമായത്. കാർഷിക കടങ്ങൾ എഴുതി തള്ളുന്ന കാര്യം പഠിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു.

11 ദിവസം മഹാരാഷ്ട്രയിൽ കർഷകർ സമരത്തിലായിരുന്നു. കാർഷിക വായ്പകൾ എഴുതി തള്ളണമെന്ന ആവശ്യമാണ് കർഷകർ പ്രധാനമായും ഉന്നയിച്ചത്.

വൈദ്യുതി സൗജന്യമാക്കുക, ഉൽപ്പന്നങ്ങൾക്ക് വിപണി വില ഉറപ്പുവരുത്തുക, കാർഷികാവശ്യത്തിനുള്ള ജലം ലഭ്യമാക്കുക, എംഎസ് സ്വാമിനാഥന്‍ കമ്മിഷൻ റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കടം എഴുതി തള്ളുന്നതിന് പുറമേ കർഷകർ ഉന്നയിച്ചിരുന്നത്.

മധ്യപ്രദേശിൽ കർഷക സമരം വെടിവയ്പ്പിൽ എത്തിയതോടെയാണ് മഹാരാഷ്ട്ര സർക്കാരും ഇതിൽ കടുത്ത നിലപാടിൽ നിന്ന് പിന്നോട്ട് പോയത്. പച്ചക്കറികളും പാലും അടക്കം ഉൽപ്പന്നങ്ങൾ റോഡില്‍ ഒഴുക്കിയും വലിച്ചെറിഞ്ഞുമാണ് മഹാരാഷ്ട്രയിൽ കർഷകർ സമരം നടത്തിയത്.

മധ്യപ്രദേശ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലും സമരം കൂടുതൽ ശക്തിയാർജ്ജിച്ചിരുന്നു. ഇതോടെയാണ് മഹാരാഷ്ട്ര സർക്കാർ സമരക്കാർക്ക് മുൻപിൽ മുട്ടുമടക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ