ന്യൂഡൽഹി: നാരദ ഒളിക്യാമറ ഓപ്പറേഷനിൽ കുടുങ്ങിയ 13 തൃണണൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാക്കളായ മദൻ മിത്ര, മുകുൾ റോയ്, സൗഗത റോയ് എന്നിവർ പ്രതിസ്ഥാനത്തുണ്ട്.

2016 ലെ ബംഗാൾ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് ഒളിക്യാമറ ഓപ്പറേഷന്റെ വീഡിയോ ദൃശ്യങ്ങൾ നാരദാ എല്ലാ ദൃശ്യ മാധ്യമങ്ങൾക്കുമായി കൈമാറിയത്. അനധികൃതമായി ഉപകാരം ചെയ്ത് നൽകുന്നതിന് പലരിൽ നിന്നായി മുതിർന്ന തൃണമൂൽ നേതാക്കൾ പണം വാങ്ങുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ കണ്ടത്.

നാരദാ ന്യൂസ് സിഇഒ മാത്യു സാമുവലിനെ ഈ ഒളികാമറ ഓപ്പറേഷന്റെ പേരിൽ സിബിഐ ചോദ്യം ചെയ്തിരുന്നു. മാർച്ച് 17 നാണ് അന്വേഷണ ചുമതല സിബിഐ ക്ക് കൈമാറി കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് ഒളികാമറ ഓപ്പറേഷന് വേണ്ടി ഉപയോഗിച്ച എല്ലാ സാധനങ്ങളും വീണ്ടെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു.

ദേശീയ രാഷ്ട്രീയത്തിൽ തൃണമൂലിന്റെ വളർച്ച തടയാൻ വേണ്ടി ബിജെപി യാണ് ഈ ഒളികാമറ ഓപ്പറേഷൻ നടത്തിയതെന്ന് നേരത്തേ വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമതാ ബാനർജി ഉന്നയിച്ചിരുന്നു. തന്റെ പാർട്ടിയെയും നേതാക്കളെയും താഴ്‌ത്തിക്കെട്ടാൻ കൃത്രിമമായി ചമച്ചതാണ് വീഡിയോ ദൃശ്യങ്ങളെന്നും അവർ ആരോപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ