റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാം കേസിൽ ലാലു പ്രസാദ് യാദവിനെ  മൂന്നരവർഷം  കഠിന തടവിന്   പ്രത്യേക സി ബി ഐ കോടതി ശിക്ഷിച്ചു. പത്ത്   ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെയും കൂട്ടാളികളുടെയും ശിക്ഷ പ്രഖ്യാപിക്കുന്നത് മൂന്ന് തവണയാണ് കോടതി മാറ്റിയത്. രണ്ടു വകുപ്പുകളിലായി അഞ്ച് ലക്ഷം രൂപയാണ് പിഴയൊടുക്കേണ്ടത്.  പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി  കഠിന തടവ് അനുഭവിക്കണം.

കാലിത്തീറ്റ കുംഭകോണം സംബന്ധിച്ച ഈ കേസിൽ   89.27ലക്ഷം രൂപയുടെ അഴിമതിയാരോപണമാണ് ഈ കേസിലുണ്ടായത്.

ലാലു പ്രസാദ് ബീഹാർ മുഖ്യമന്ത്രിയായിരുന്ന 91-94 കാലത്താണ് കാലത്തീറ്റ കുംഭകോണം നടന്നത്.

ഇന്നലെ, ലാലു ഉൾപ്പെടെ കുറ്റക്കാരെന്നു കണ്ടെത്തിയ ആറു പേരുടെയും വാദം വിഡിയോ കോൺഫറൻസിലൂടെ കേട്ട ജഡ്ജി വിധി പറയാനായി ഇന്നേയ്ക്കു മാറ്റുകയായിരുന്നു. ഡിസംബർ 23 നാണ് കേസിൽ ലാലു പ്രാസാദ് അടക്കമുള്ള പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. ഇനി നാല് കേസുകൾ കൂടി കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലാലുവിനെ ബിർസ മുണ്ട ജയിലിലേയ്ക്കാണ് അയച്ചത്. ഈ കേസിൽ ലാലുവിന് മുമ്പ് മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയെ കുറ്റവിമുക്തനാക്കിയിരുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് മൊത്തം ആറ് കേസുകളാണുളളത്. ആറ് കേസുകളിലായി 950 കോടിയുടെ അഴിമതിയാരോപണം ഉയർന്നത്. ആദ്യ കേസിൽ ലാലുവിനെ ശിക്ഷിച്ചിരുന്നു. അതിൽ സുപ്രീം കോടതിയിൽ നിന്നും ലഭിച്ച ജാമ്യത്തിലാണ് ലാലു. അതിനിടയിലാണ് രണ്ടാം കേസിലും ലാലു ശിക്ഷിക്കപ്പെട്ടത്. ആദ്യ കേസിൽ ശിക്ഷിപ്പെട്ട ലാലുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നിയമപ്രകാരമുളള വിലക്കുമുണ്ടായി.

കോടതി വിധി പഠിച്ച ശേഷം തുടർ നടപടിയുണ്ടാകുമെന്ന് ലാലുവിന്രെ മകനും ആർ ജെ ഡി നേതാവുമായ തേജസ്വനി യാദവ് പറഞ്ഞു. കോടതിവിധിക്കെതിരെയും ജാമ്യത്തിനുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ഝാർഖണ്ഡ് മുൻ ചീഫ് സെക്രട്ടറി രജബല വർമ്മയ്ക്ക് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കുംഭകോണം നടക്കുമ്പോൾ വെസ്റ്റ് സിങ്ക്ബുവം ജില്ല കളക്ടറായിരുന്ന ഇദ്ദേഹം ക്രമക്കേട് തടയാൻ ശ്രമിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നോട്ടീസ്.

കാലിത്തീറ്റയുടെ വ്യാജബില്ലുകൾ അവതരിപ്പിച്ച് വലിയ തോതിൽ പണം തട്ടിയത് ഇദ്ദേഹത്തിന്റെ കൂടി അറിവോടെയാണെന്ന് സിബിഐ കേസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ