പട്‌ന: കാലിത്തീറ്റ കുംഭകോണ കേസിൽ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനുള്ള ശിക്ഷാ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. സിബിഐ കോടതിയിലെ മുതിർന്ന അഭിഭാഷകന്റെ മരണത്തെത്തുടർന്നാണ് ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റിയത്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രായം കണക്കിലെടുത്ത് ലാലു പ്രസാദിന് ചെറിയ ശിക്ഷ മാത്രമേ നൽകാവൂ എന്ന് അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ ലാലുവിന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

1991-94 കാലയളവിൽ കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരിൽ വ്യാജ രേഖകൾ ഹാജരാക്കി ട്രഷറിയിൽ നിന്ന് 84.5 ലക്ഷം രൂപ പിൻവലിച്ച കേസിൽ ലാലുപ്രസാദ് യാദവ് ഉൾപ്പടെ 15പേർ കുറ്റക്കാരാണെന്ന് റാഞ്ചി പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. 1900-97 കാലയളവിൽ ബിഹാർ മുഖ്യമന്ത്രിയായിരിരുന്ന കാലത്ത് ലാലുപ്രസാദ് യാദവ് നടത്തിയ 900 കോടി രൂപയുടെ അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം.

കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യകേസിൽ ലാലുവിന് അഞ്ചുവര്‍ഷത്തെ ശിക്ഷ ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ കേസിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിക്കുക. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലാലുവിനെ പൊലീസ് റാഞ്ചി ജയിലിലേക്ക് മാറ്റിയിരുന്നു.

1996 ൽ ലാലു പ്രസാദ് യാദവിനെതിരെ ഉയർന്ന അഴിമതിയാണിത്. ബിഹാർ മുഖ്യമന്ത്രിയായിരിക്കേ മൃഗസംരക്ഷണ വകുപ്പിൽ നിന്ന് 945 കോടി തട്ടിയെടുത്തതാണ് കേസ്. ഇതിൽ 1991-94 കാലയളവിൽ വ്യാജ ബില്ലുകൾ നൽകി ഡിയോഹർ ട്രഷറിയിൽ നിന്നു 89 ലക്ഷം രൂപ പിൻവലിച്ചെന്ന കേസിലാണ് ലാലുവിനെ ഇപ്പോൾ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. വ്യാജബില്ലുകൾ ഹാജരാക്കി 20 വർഷം കാലിത്തീറ്റ വിതരണം ചെയ്തെന്ന് കാട്ടിയാണ് ലാലു പണം തട്ടിയെടുത്തതെന്നാണ് ആരോപണം. അന്നത്തെ ധനവകുപ്പ് സെക്രട്ടറി വി.എസ്.ധൂബെയാണ് ഈ അഴിമതി പുറത്തുകൊണ്ടുവന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ