ഇസ്ലാമാബാദ്: കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ റദ്ദാക്കിയ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുമ്പാകെ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുമെന്ന് പാക്കിസ്ഥാന്. ഇന്ത്യ വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും വിധി അംഗീകരിക്കില്ലെന്നും പാക്കിസ്ഥാന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
“കുല്ഭൂഷണ് എതിരായ കൂടുതല്‍ തെളിവുകള്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരാക്കും. നിരവധി പാക്കിസ്ഥാന് പൗരന്മാരുടെ കൊലപാതകത്തിലേക്ക് നയിച്ച പ്രവൃത്തിക്ക് കൂട്ടുനിന്നയാളാണ് ജാദവ്. അയാള്‍ക്ക് വേണ്ടിയാണ് ഇന്ത്യ വാദിക്കുന്നത്. ലോകത്തിന്റെ മുന്നില്‍ വസ്തുതകള്‍ വളച്ചൊടിക്കാനാണ് ഇന്ത്യ ശ്രമിച്ചതെന്നും പാക്കിസ്ഥാന് ആരോപിച്ചു.
കുല്‍ഭൂഷണെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്റെ നടപടി റദ്ദാക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ആവശ്യപ്പെട്ട ഇന്ത്യയുടെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കുല്‍ഭൂഷന്റെ വധശിക്ഷ കോടതി സ്റ്റേ ചെയ്തത്. അന്തിമ വിധി ഉണ്ടാകുന്നത് വരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് കോടതി നിര്‍ദേശം. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളാണ് ഇതോടെ വിജയിച്ചത്.
റോണി എബ്രഹാം അദ്ധ്യക്ഷനായ അന്താരാഷ്ട്ര കോടതിയുടെ 11 അംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജാദവിനെ തടവിലാക്കിയതുമായി ബന്ധപ്പെട്ട വിരങ്ങള്‍ ഇന്ത്യയുമായി പങ്കുവെക്കുന്നതില്‍ പാക്കിസ്ഥാൻ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാനാകില്ലെന്ന പാക്ക് വാദവും കോടതി തള്ളി.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ