ബെംഗളൂരു: സർക്കാർ രൂപീകരണത്തിൽ കർണാടകയിൽ അനിശ്ചിതത്വം തുടരുകയാണ്. മന്ത്രിസഭ രൂപീകരിക്കാനുളള ശക്തി തങ്ങൾക്കുണ്ടെന്ന് തെളിയിക്കാനായി കോൺഗ്രസ്-ജെഡിഎസ് സഖ്യം അവരുടെ എംഎൽഎമാരെ രാജ്ഭവനിലെത്തിച്ചു. കോൺഗ്രസിന്റെ 78 എംഎൽഎമാരും എച്ച്.ഡി.കുമാരസ്വാമി ഉൾപ്പെടെ ജെഡിഎസിന്റെ 37 എംഎൽഎമാരുമാണ് ഗവർണർ വാജുഭായ് വാലയെ കാണാനായി രാജ്ഭവനിലെത്തിയത്.

എന്നാൽ എല്ലാ എംഎൽഎമാർക്കും രാജ്ഭവനിലേക്ക് പ്രവേശനാനുമതി ലഭിച്ചില്ല. ഇത് പ്രതിഷേധത്തിനിടയാക്കി. ജെഡിഎസ് പ്രവർത്തകർ രാജ്ഭവന്റെ ഗേറ്റിനു മുന്നിൽ പ്രതിഷേധം മുഴക്കി. ഒടുവിൽ ഇരുപാര്‍ട്ടികളില്‍ നിന്നും അഞ്ച് എംഎല്‍എമാര്‍ വീതം അടങ്ങുന്ന പ്രതിനിധി സംഘം ഗവർണറെ കണ്ടു. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് പിന്തുണച്ച എംഎൽഎമാർ ഒപ്പിട്ട കത്ത് ഗവർണർക്ക് നൽകി. പക്ഷേ ഗവർണർ ഇത് സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. നിയമോപദേശത്തിനുശേഷം ഉചിതമായ തീരുമാനം എടുക്കാമെന്നാണ് ഗവർണർ നേതാക്കളെ അറിയിച്ചത്.

ഗവർണറെ കണ്ടശേഷം കോൺഗ്രസും ജെഡിഎസും അവരുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി. കെപിസിസി ആസ്ഥാനത്ത് നിന്ന് എംഎല്‍എമാരെ പ്രത്യേക ബസുകളിലാണ് റിസോര്‍ട്ടിലേക്ക് കൊണ്ടുപോയത്. ബിഡദിയിലുള്ള ഈഗിള്‍ ടെന്‍ റിസോര്‍ട്ടിലേക്കാണ് ഇവരെ കൊണ്ടുപോയതെന്നാണ് വിവരം. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇനി ഇവരെ നേരിട്ട് അവിടേക്ക് എത്തിക്കുകയുള്ളൂവെന്നാണ് വിവരം.

അതേസമയം, സർക്കാർ രൂപീകരിക്കാൻ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ആയിരിക്കും ഗവർണർ ആദ്യം ക്ഷണിക്കുകയെന്ന് സൂചനയുണ്ട്. നാളെ സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങാൻ ബിജെപി അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 104 സീറ്റുകളുള്ള ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ എട്ട് അംഗങ്ങളുടെ കുറവാണുള്ളത്. സത്യപ്രതിജ്ഞയ്ക്കുശേഷം ഭൂരിപക്ഷം തെളിയിക്കാമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

അതിനിടെ, സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ആദ്യം ക്ഷണിച്ചാൽ സുപ്രീം കോടതിയെ സമീപിക്കാനുളള നീക്കത്തിലാണ് കോൺഗ്രസ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ നാളെ രാജ്ഭവനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ