ന്യൂഡല്‍ഹി: സിപിഎം കരട് രാഷ്ട്രീയ പ്രമേയത്തില്‍ വോട്ടെടുപ്പ് ഒഴിവായി. ഇരുപക്ഷവും വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായതോടെയാണിത്. പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ മാറ്റം വരുത്തി. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ല എന്ന ഭാഗമാണ് മാറ്റിയത്. പകരം രാഷ്ട്രീയ സഖ്യം പാടില്ല എന്ന് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. നേരത്തെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടക്കുമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. രഹസ്യ വോട്ടെടുപ്പ് വേണമെന്ന യെച്ചൂരി പക്ഷത്തിന്റെ ആവശ്യവും അദ്ദേഹം തള്ളിയിരുന്നു.

കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ കേരള ഘടകം മുന്നോട്ട് വച്ച സമവായ നിര്‍ദ്ദേശങ്ങള്‍ പോളിറ്റ് ബ്യൂറോ പരിഗണിക്കുകയും കരട് പ്രമേയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിക്കുകയുമായിരുന്നു. കോണ്‍ഗ്രസുമായി ധാരണയോ രാഷ്ട്രീയ സഖ്യമോ ഇല്ലാതെ ബിജെപിയെ തോല്‍പ്പിക്കണമെന്നായിരുന്നു നേരത്തെ പ്രമേയത്തിലുണ്ടായിരുന്നത്.

ഇതിലാണ് ഭേദഗതി വരുത്തിയത്. പുതിയ നീക്കം കാരാട്ട്, യെച്ചൂരി പക്ഷങ്ങള്‍ക്ക് സ്വീകാര്യമാണ്. സമവായം യെച്ചൂരി പക്ഷത്തിന്റെ വിജയമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ