ന്യൂഡൽഹി: ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായിരുന്ന കനയ്യ കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവൊന്നും ഡൽഹി പോലീസിന് ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. കനയ്യ കുമാർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് കരട് കുറ്റപത്രത്തിൽ ഒരിടത്തും പരാമർശമില്ലെന്നും എന്നാൽ ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതായും ദ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

40 വിഡിയോ ക്ലിപ്പുകളുടെ ഫോറൻസിക് പരിശോധനയിൽനിന്നാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജെഎൻയു ക്യാംപസിൽ നടന്ന പരിപാടിക്കിടെ വിദ്യാർഥികൾ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഉമർ ഖാലിദും അനിർബൻ ഭട്ടാചാര്യയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നും ഖാലിദ് അഫ്സൽ ഗുരുവിനെ പിന്തുണച്ച് ഇന്ത്യാ വിരുദ്ധ പോസ്റ്ററുകൾ ഒട്ടിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയവരിൽ പുറത്തുനിന്നുള്ള 9 പേരുമുണ്ട്. ഇവരിൽ ചിലർ കശ്മീർ സ്വദേശികളാണന്നും കുറ്റപത്രത്തിലുണ്ട്.

കനയ്യ കുമാർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതായി കുറ്റപത്രത്തിൽ ഒരിടത്തും പറയുന്നില്ല. എന്നാൽ അന്നു നടന്ന സംഭവങ്ങളെ തടുക്കാൻ കനയ്യ കുമാർ ഇടപെട്ടില്ലെന്നും കനയ്യ കുമാറിനെതിരെ ഏതു വകുപ്പാണ് ചുമത്തേണ്ടതെന്ന് കോടതിക്ക് തീരുമാനിക്കാമെന്നും കുറ്റപത്രത്തിൽ പറയുന്നു. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചേർത്താണ് കരട് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കുറ്റപത്രം ഇപ്പോൾ ഡൽഹി പൊലീസ് കമ്മിഷണറുടെ പരിഗണനയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ