കൊച്ചി: വിശാല ഐ ഗ്രൂപ്പിനെ പൊളിച്ച് പഴയ “ഐ” ഗ്രൂപ്പുണ്ടാക്കാൻ കെ.മുരളീധരനും പത്മജ വേണുഗോപാലും. കെ കരുണാകരൻ കോൺഗ്രസ്സ് വിട്ടതിനെ തുടർന്ന് തകർന്നുപോയ ഐ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിച്ച് വിശാല ഐ ഗ്രൂപ്പ് സൃഷ്ടിച്ച രമേശ് ചെന്നിത്തലയെ ദുർബലപ്പെടുത്താനാണ് ശ്രമം.

നേരത്തേ കോൺഗ്രസ്സിലേക്ക് മടങ്ങിയെത്തിയപ്പോൾ ഇനി ഗ്രൂപ്പ് രാഷ്ട്രീയത്തിനില്ലെന്നായിരുന്നു കെ മുരളീധരൻ പറഞ്ഞത്. എന്നാൽ പത്മജയുടെ കൂടി പിന്തുണയോടെ വീണ്ടും ശക്തമായ പക്ഷമായി കോൺഗ്രസ്സിൽ ഉയർന്നുവരാനാണ് ഇരുവരുടെയും ശ്രമം. വിശാല ഐ ഗ്രൂപ്പിലെ ശക്തനായ നേതാവ് കെ സുധാകരനുമായി ഇത് സംബന്ധിച്ച് കെ മുരളീധരൻ ചർച്ച നടത്തി.

സംസ്ഥാനമൊട്ടുക്ക് കെ മുരളീധരൻ കോൺഗ്രസ്സിന്റെയും പോഷക സംഘടനകളുടെയും വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. പാർടിക്കകത്ത് മുൻനിര നേതാവായി ഉയർന്നുവരുന്നതിനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. ഐ ഗ്രൂപ്പ് ശക്തമായാൽ കോൺഗ്രസ്സിനകത്തെ ശക്തമായ ഗ്രൂപ്പുകൾ നാലാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ