ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ്. ബിജെപി അര്‍ബുദം പോലെയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ബിജെപിക്കെതിരെ താന്‍ വിമര്‍ശനം നടത്തുന്നത് എന്തിനാണെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ‘അര്‍ബുദത്തിന് ചികിത്സിക്കുന്നതിന് പകരം ജലദോഷത്തിനും ചുമയ്ക്കുമാണ് നമ്മള്‍ ആദ്യം ചികിത്സിക്കുന്നതെങ്കില്‍ അത് മണ്ടത്തരമാണ്’, കോണ്‍ഗ്രസിനേയും ജനതാദള്‍ (എസ്)നേയും പരോക്ഷമായി പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

‘ഞാനൊരു പാര്‍ട്ടിയേയും പിന്തുണയ്ക്കുന്നില്ല. എന്നാല്‍ വര്‍ഗീയതയിലൂടെ ഭരണം തേടുന്ന പാര്‍ട്ടികള്‍ക്ക് എതിരാണ് ഞാന്‍. എതിരാളികളെ ഇല്ലാതാക്കി ദേശീയ നേതാക്കള്‍ സ്വേച്ഛാധിപതികളായി സംസാരിക്കുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്’, പ്രകാശ് രാജ് പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന കര്‍ണാടകയില്‍ താന്‍ സന്ദര്‍ശനം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

‘ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാത്ത സാധാരണ പൗരനാണ് ഞാന്‍. തിരഞ്ഞെടുപ്പ് ചട്ടലംഘനം എങ്ങനെയാണ് എന്നെ ബാധിക്കുക എന്ന് എനിക്ക് മനസിലാകുന്നില്ല. എല്ലാ പൗരന്മാര്‍ക്കും അവരുടെ അഭിപ്രായം പറയാന്‍ ഇവിടെ അവകാശമുണ്ട്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് പറയാന്‍ എന്തുകൊണ്ട് എനിക്ക് കഴിയില്ല എന്നെനിക്ക് മനസിലാവുന്നില്ല. ബിജെപിക്ക് എതിരാണ് എന്റെ പ്രചരണം. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ’, പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ