ടോക്കിയോ: ട്രെയിൻ 20 സെക്കന്റ് നേരത്തെ പുറപ്പെട്ടതിന് യാത്രക്കാരോട് മാപ്പു ചോദിച്ച് മാതൃകയായിരിക്കുകയാണ് ജപ്പാൻ റെയിൽവേ. ടോക്കിയോ നഗരത്തിലൂടെ കടന്നുപോകുന്ന സ്വകാര്യ റെയിൽവേയുടെ ഓപ്പറേറ്ററാണ് സ്റ്റേഷനിൽനിന്നും ട്രെയിൻ നേരത്തെ പുറപ്പെട്ടതിന് യാത്രക്കാരോട് മാപ്പ് പറഞ്ഞത്.

ചൊവ്വാഴ്ച രാവിലെ മിനാമി നഗരേയാമ സ്റ്റേഷനിൽനിന്നുമാണ് സുഖ്ബ എക്സ്പ്രസ് ട്രെയിൻ നിശ്ചയിച്ചതിലും 20 സെക്കന്റ് നേരത്തെ പുറപ്പെട്ടത്. സംഭവത്തിൽ യാത്രക്കാരുടെ ഭാഗത്തുനിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ല. എങ്കിലും യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായി സുഖ്ബ എക്സ്പ്രസ് കമ്പനി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന് ജീവനക്കാർക്ക് കമ്പനി നിർദേശവും നൽകിയിട്ടുണ്ട്.

കൃത്യനിഷ്ഠയുടെ കാര്യത്തിൽ ബുളളറ്റ് ട്രെയിൻ അടക്കമുളള ജപ്പാൻ റെയിൽവേ സർവീസ് ലോകപ്രശസ്തമാണ്. ട്രെയിൻ സമയത്തിൽ നേരിയ വ്യത്യാസം ഏർപ്പെട്ടാൽ പോലും യാത്രക്കാരോട് ക്ഷമ ചോദിക്കാറുണ്ട്. അതിനാൽതന്നെ ജപ്പാൻകാർ യാത്രയ്ക്കായി കൂടുതൽ ആശ്രയിക്കുന്നതും ട്രെയിൻ സർവീസിനെയാണ്. ഒരേ റൂട്ടിൽതന്നെ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ