ന്യൂഡല്‍ഹി: രാജ്യത്ത് ആശയവിനിമയ രംഗത്തിന് കൂടുതൽ ശക്തി പകരാൻ ലക്ഷ്യമിട്ട് ഐഎസ്ആർഒ തയ്യാറാക്കിയ ജിസാറ്റ് 11 ഉപഗ്രഹം വിക്ഷേപണത്തിന് സജ്ജമായി. ഈ മാസം തന്നെ ഉപഗ്രഹം വിക്ഷേപിക്കുമെന്നാണ് കരുതപ്പെടുന്നത്.

ആറ് ടൺ ഭാരമാണ് ജിസാറ്റ് ഉപഗ്രഹത്തിനുള്ളത്. ഉപഗ്രഹാധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾ ശക്തിപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഇതിലൂടെ ഇന്ത്യയിലെ വാർത്ത വിനിമയ രംഗം കൂടുതൽ ശക്തിയാർജിക്കും.

ഫ്രഞ്ച് എരിയന്‍-5 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം. നിര്‍മ്മാണം പൂര്‍ത്തിയായ ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കെയ്‌റോയിലേക്ക് കൊണ്ടുപോവും. 500 കോടി രൂപ ചിലവിട്ടാണ് ഉപഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ഉയർന്ന മേൽക്കൂരയുള്ള ഒരു വലിയ മുറിയുടെ അത്രയും വലിപ്പമുള്ള ഉപഗ്രഹത്തിന് നാല് മീറ്റർ നീളത്തിലുള്ള സൗരോർജ്ജ പാനലുകളുണ്ട്.

ഐഎസ്ആർഒ ഇതുവരെ നിർമ്മിച്ചതിൽ ഏറ്റവും ഭാരമേറിയതാണ് ഈ ഉപഗ്രഹം. ഗ്രാമങ്ങളിലേക്കുള്ള ഇന്റർനെറ്റ് വിതരണശൃംഖലയുടെ വ്യാപനമാണ് ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച മികച്ച ട്രാക് റെക്കോഡാണ്‌ ഫ്രഞ്ച് എരിയന്‍-5 റോക്കറ്റിനുള്ളത്‌. ഇതിനാലാണ് ജിസാറ്റ് 11 നെ ഭ്രമണപഥത്തിലെത്തിക്കാൻ ഫ്രഞ്ച് ഏരിയൻ 5 ന്റെ സഹായം തേടിയത്.

ഇതുവരെ ഇന്ത്യ വിക്ഷേപിച്ചിട്ടുള്ള വാർത്തവിനിമയ ഉപഗ്രഹങ്ങളുടെ ആകെത്തുകയ്ക്ക് തുല്യമായ രീതിയിൽ ജിസാറ്റ് 11 പ്രവർത്തിക്കും. അതോടെ ആശയവിനിമയ രംഗത്ത് ഇന്ത്യ ഇപ്പോഴത്തേതിനേക്കാൾ ഇരട്ടി കുതിപ്പ് സാധ്യമാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ