ഗാസ: ജറുസലേമിനെ ഇസ്രയേല്‍ തലസ്‌ഥാനമായി പ്രഖ്യാപിച്ച യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ നടപടിയെത്തുടര്‍ന്ന്‌ ഇരുരാജ്യങ്ങളും തമ്മിലുളള സംഘർഷം രൂക്ഷമായി. പലസ്തീൻ പ്രക്ഷോഭകാർക്കെതിരെ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഹമാസ് പ്രവർത്തകർ കൊല്ലപ്പെട്ടു. അതേസമയം പലസ്തീൻ പ്രക്ഷോഭകർ തങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ ആരോപിച്ചു. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഗാസ അതിർത്തി അനിശ്ചിത കാലത്തേക്ക് അടയ്ക്കുന്നതായും ഇസ്രയേൽ സർക്കാർ അറിയിച്ചു.

അധിനിവേശ വെസ്‌റ്റ്‌ബാങ്കില്‍ പലസ്‌തീന്‍ പ്രക്ഷോഭകര്‍ ഇസ്രേലി സേനയ്‌ക്കു നേര്‍ക്കു കല്ലേറു നടത്തി. കണ്ണീര്‍വാതകവും, റബര്‍ ബുള്ളറ്റുകളും, വെടിവയ്‌പും കൊണ്ടാണ്‌ ഇസ്രയേല്‍ സേന പ്രക്ഷോഭകരെ നേരിട്ടത്‌.

തെക്കന്‍ ഇസ്രയേലിലേക്ക്‌ വെള്ളിയാഴ്‌ച രാത്രിയില്‍ ഗാസയില്‍നിന്ന്‌ മൂന്നു തവണ റോക്കറ്റ്‌ ആക്രമണമുണ്ടായി.
പലസ്‌തീനിനിന്നുള്ള റോക്കറ്റുകള്‍ തങ്ങളുടെ ഇരുമ്പു ഡോം വ്യോമപ്രതിരോധസംവിധാനം തടഞ്ഞിട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ആക്രമണത്തില്‍ സ്‌ത്രീകളും കുട്ടികളും അടക്കം 14 പേര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്ന്‌ ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ