ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ചാവേറാക്രമണത്തിലൂടെ പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട തീവ്ര ഇസ്ലാമിക സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേര്‍ പിടിയിലായതായാണ് സ്കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തെരേസ മേയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന 10 ഡൗണിങ് സ്ട്രീറ്റില്‍ വച്ച് വധിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഓഫീസിന് പുറത്ത് സ്ഫോടനം നടത്തി കെട്ടിടത്തിനകത്ത് കയറി മേയെ വധിക്കാനായിരുന്നു പദ്ധതിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കുറച്ച് ആഴ്ചകളായി സൈനിക ഇന്റലിജന്‍സ് വിഭാഗമായ എംഐ5, വെസ്റ്റ് മിഡ്‌ലാൻഡ് പൊലീസ് തുടങ്ങിയവര്‍ ഇവരുടെ നീക്കം നിരീക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം.

20കാരനായ നയീമുര്‍ സക്കരിയ റഹ്മാന്‍, 21കാരനായ മുഹമ്മദ് ആഖിബ് ഇമ്രാന്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പരിസരത്ത് നിന്നാണ് പിടിയിലായത്. നവംബര്‍ 28നാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇരുവരും ബ്രിട്ടന്‍ സ്വദേശികളാണ്. ഇരുവരേയും ഭീകരവാദ പ്രവര്‍ത്തന കുറ്റങ്ങള്‍ ചുമത്തി വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ