ഡാര്‍ജലിംഗ്: ഡാര്‍ജലിംഗ് പ്രക്ഷോഭം ശക്തി പ്രാപിക്കുന്നു. ശനിയാഴ്ച രാവിലെയുണ്ടായ പ്രതിഷേധ സമരത്തിനിടെ വ്യാപകമായ ആക്രമണമാണ് അരങ്ങേറിയത്. ഒരു പോലീസുകാരന് കഴുത്തിൽ മാരകമായി പരുക്കേറ്റിട്ടുണ്ട്. രണ്ട് പ്രക്ഷോഭകാരികളെ പൊലീസ് കൊലപ്പെടുത്തിയെന്ന് മുക്തി മോര്‍ച്ച പറയുന്നു. പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ബംഗാളി ഭാഷ നിര്‍ബന്ധിതമാക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

സ്‌കൂളുകളില്‍ ബംഗാളി നിര്‍ബന്ധമാക്കിയതിനെ ചൊല്ലിയുള്ള പ്രക്ഷോഭം ഗോര്‍ഖലാന്‍ഡ് പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തിലേക്ക് പ്രക്ഷോഭകരെ എത്തിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചെങ്കിലും മുക്തി മോര്‍ച്ച ഇതുവരെ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല.

റിസര്‍വ് ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് കിരണ്‍ തമാങിനാണ് പ്രതിഷേധത്തിനിടെ മാരകമായി പരുക്കേറ്റത്. പ്രതിഷേധക്കാര്‍ ക്രമസമാധാനം പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതിനിടെ തമാങിന് കത്തേല്‍ക്കുകയായിരുന്നുവെന്നും ഇയാളുടെ കഴുത്ത് മുറിഞ്ഞിരുന്നുവെന്നും എസ്പി അഖിലേഷ് ചതുര്‍വേദി അറിയിച്ചു.

സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ഡാര്‍ജലിംഗിലേക്ക് സൈന്യത്തെ വിളിച്ചിട്ടുണ്ട്. പോലീസ് സുരക്ഷ ശക്തമാക്കുകയും റൂട്ട് മാര്‍ച്ചുകള്‍ നടത്തുകയും ചെയ്തു. മുക്തി മോര്‍ച്ച നേതാവിന്റെ മകനും മാധ്യമ സെല്‍ മേധാവിയുമായ വിക്രം റായിയെ ഇന്നലെ രാത്രി പോലീസ് വീട്ടില്‍ കയറി കസ്റ്റഡിയില്‍ എടുത്തതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്. പല നേതാക്കളുടെയും വീടുകളില്‍ ഇന്നലെ റെയ്ഡ് നടന്നിരുന്നു.

സമരം ആറാം ദിവസത്തേക്ക് കടന്നതോടെ ഡാര്‍ജലിംഗ് മേഖല ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടെ എത്തിയ ടൂറിസ്റ്റുകളും പുറത്തുകടക്കാനാവാതെ കുടുങ്ങിക്കിടക്കുകയാണ്. ഹിമാലയന്‍ റെയില്‍വേ അടക്കമുള്ള റെയില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ