ന്യൂഡൽഹി: സ്കോർപീൻ ക്ലാസിലെ ആദ്യ ഇന്ത്യൻ മുങ്ങിക്കപ്പലായ ഐഎൻഎസ് കൽവരി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിനും കപ്പലിന്റെ നിര്‍മ്മാണത്തിന് പ്രവര്‍ത്തിച്ച ജോലിക്കാര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഫ്രാൻസിന്റെ സഹായത്തോടെ നിർമിക്കുന്ന ആറ് സ്കോർപീൻ ക്ലാസിലെ ആദ്യ മുങ്ങിക്കപ്പലാണിത്. ‘മെയ്ക്ക് ഇൻ ഇന്ത്യ’യുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഐഎൻഎസ് കൽവരിയെന്ന് മോദി പറഞ്ഞു. ഇന്ത്യയും ഫ്രാൻസും തമ്മിൽ വളരുന്ന ബന്ധത്തിന്റെ തെളിവാണ് ഐഎന്‍എസ് കൽവരിയെന്ന് മോദി വ്യക്തമാക്കി. മേഖലയുടെ സുരക്ഷയ്ക്ക് എക്കാലും ഇന്ത്യ വളരെ പ്രാധാന്യം നൽകിയിട്ടുണ്ട്. കടൽ വഴിയുള്ള ഭീകരവാദമോ, കടൽക്കൊള്ളയോ തുടങ്ങി ഏത് ഭീകരതയും നേരിടുന്നതിൽ ഇന്ത്യ നിർണായക പങ്കാണ് വഹിക്കുന്നതെന്നും മോദി പറഞ്ഞു.

ഈ ചരിത്രപരമായ നിമിഷത്തില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണ മുംബയിൽ മഡ്ഗാവ് ഡോക്കിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി നിർമല സീതാരാമൻ, നാവികസേന മേധാവി സുനിൽ ലാമ്പ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസ് എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ