ന്യൂഡൽഹി: ലോകത്ത് മാധ്യമ സ്വാതന്ത്ര്യത്തിന്റെ അളവനുസരിച്ച് തയ്യാറാക്കുന്ന പട്ടികയിൽ ഇന്ത്യയുടെ റാങ്ക് വീണ്ടും ഇടിഞ്ഞു. കഴിഞ്ഞ തവണ 136-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഇക്കുറി 138-ാം സ്ഥാനത്തായി. നോർവെ വീണ്ടും ഒന്നാമതെത്തിയ പട്ടികയിൽ ഉത്തര കൊറിയ ഏറ്റവും അവസാന സ്ഥാനത്താണ്.

പാരിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ആണ് പുതിയ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. മാധ്യമപ്രവർത്തകയായ ഗൗരി ലങ്കേഷ് അടക്കമുളളവരുടെ കൊലപാതകമാണ് ഇന്ത്യയെ വീണ്ടും പട്ടികയിൽ പിന്നിലാക്കിയത്. ഉത്തര കൊറിയ പിന്നിൽ നിൽക്കുന്ന പട്ടികയിൽ ചൈന, സിറിയ, തുർക്ക്‌മെനിസ്ഥാൻ, ഇരിത്രിയ എന്നീ രാജ്യങ്ങളാണ് 175 മുതൽ 179 വരെയുളള സ്ഥാനങ്ങളിൽ ഉളളത്.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ശേഷം തീവ്ര ഹിന്ദുത്വ സംഘടനകളിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഹിന്ദുത്വ ശക്തികൾക്കെതിരായ വിമർശനങ്ങളും ഭരണകക്ഷികൾക്കെതിരായ വിമർശനങ്ങളെയും പ്രധാനമന്ത്രിയെ പിന്തുണക്കുന്നവർ എതിരിടുന്നത് മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന വിധത്തിലാണെന്നാണ് റിപ്പോർട്ടിലെ പരാമർശം.

ബെംഗളുരുവിൽ 2017 സെപ്റ്റംബറിൽ സ്വന്തം വീടിന് മുൻപിൽ വെടിയേറ്റ് മരിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ വധം പരാമർശിച്ചാണ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് ഇന്ത്യയെ കുറ്റപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ കുറഞ്ഞത് മൂന്ന് മാധ്യമപ്രവർത്തകരെങ്കിലും ഇന്ത്യയിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ