ഹൈദരാബാദ്: ദലിത് വിദ്യാര്‍ത്ഥികള്‍ക്കായി ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കുള്ള ആദ്യ യൂണിവേഴ്സിറ്റി അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഹൈദരാബാദിലെ ദലിത് വിദ്യാര്‍ത്ഥികള്‍ക്കായി യൂണിവേഴ്സിറ്റി സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് തെലങ്കാന സർക്കാർ.

കിന്റര്‍ഗാര്‍ഡന്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെ ദുര്‍ബല വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി ആവിഷ്ക്കരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ദലിത് വിദ്യാര്‍ത്ഥികള്‍ക്കായി അഞ്ചാം ക്ലാസ് മുതല്‍ ബിരുദതലം വരെ ഏകദേശം 268 റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന തെലങ്കാന സോഷ്യല്‍ വെല്‍ഫെയര്‍ റെസിഡന്‍ഷ്യല്‍ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ സൊസൈറ്റിക്കാണ് സർവകലാശാലയുടെ ചുമതല.

എല്ലാ പ്രവര്‍ത്തനങ്ങളും തീരുമാനിച്ച പ്രകാരം മുന്നോട്ട് പോകുകയാണെങ്കില്‍ 2018-19 അധ്യയന വര്‍ഷത്തോടെ സര്‍വകലാശാല തുടങ്ങാന്‍ കഴിയുമെന്ന് തെലങ്കാന സോഷ്യല്‍ വെല്‍ഫെയര്‍ സെക്രട്ടറി ഡോ ആര്‍ എസ് പ്രവീണ്‍ കുമാര്‍ അറിയിച്ചു.

പദ്ധതി നടപ്പിലായി കഴിഞ്ഞാല്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കായുള്ള രാജ്യത്തെ ആദ്യ ദളിത് സര്‍വകലാശാല ആയിരിക്കും ഇത്. നിലവില്‍ സ്ത്രീകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും മാത്രമുള്ള യൂണിവേഴ്സിറ്റികളുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ക്കായി സംവരണം നല്‍കുന്നുണ്ട് എന്നതൊഴിച്ചാല്‍ ദലിത് വിഭാഗങ്ങള്‍ക്ക് വേണ്ടി യൂണിവേഴ്സിറ്റികള്‍ സ്ഥാപിതമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ