ലണ്ടൻ: ലോകം നടുങ്ങിയ സൈബർ ആക്രമണത്തിന് പിന്നിലെ ബുദ്ധി ഉത്തരകൊറിയ ആണെന്ന സംശയം ഉയരുന്നു. ഇന്ത്യൻ വംശജനായ ഗൂഗിൾ ഗവേഷകൻ നീൽ മേത്തയാണ് ഇക്കാര്യം സംബന്ധിച്ച് സംശയമുയർത്തിയത്. ഉത്തരകൊറിയൻ ഹാക്കർ ഗ്രൂപ്പായ ലാസറസിന്റെ കോഡുമായി വാണക്രൈ 2.0 റാൻസംവെയറിനുള്ള ബന്ധമാണ് സംശയകാരണം.

വാണക്രൈ പ്രോഗ്രാമിംഗ് കോഡായി ഉപയോഗിച്ചിരിക്കുന്നത് ലാസറസ് ഹാക്കിംഗ് സംഘത്തിന്റെ കോഡിന് സമാനമാണെന്നാണ് കണ്ടെത്തൽ. മോചനദ്രവ്യം ലക്ഷ്യം വച്ചുള്ള റാൻസംവെയർ വികസിപ്പിക്കാൻ ഉത്തരരകൊറിയ കഴിഞ്ഞ ഓഗസ്റ്റ് മുതൽ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ലോകത്താകമാനം വാണക്രൈ 2.0 റാൻസംവെയർ എത്തിയിരിക്കുന്നത്.

എന്നാൽ വാണക്രൈ 2.0 നിലവിൽ നിഷക്കുമ്പോൾ തന്നെ കൂടുതൽ ആക്രമണ കാരിയായ മൂന്നാം പതിപ്പ് ഇതിന്റെ അണിയറക്കാർ രൂപം കൊടുത്തതായാണ് വിവരം. ഈ ഭീതിയിലാണ് ഇപ്പോൾ സൈബർ സുരക്ഷാ ലോകം.

എന്നാൽ വാണക്രൈ റാൻസംവെയർ രണ്ടാം പതിപ്പിൽ നിന്ന് അണിയറക്കാർക്ക് ഉദ്ദേശിച്ച ലാഭം ഉണ്ടായിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതുവരെയായി വെറും 44.3 ലക്ഷം രൂപയാണ് ഇവർക്ക് മോചന ദ്രവ്യമായി ലഭിച്ചത്.

അതേസമയം വാണക്രൈ റാൻസംവെയറിനെ കണ്ടെത്താനുള്ള ശ്രമത്തിൽ ഐബിഎം നൂറ് കോടി മെയിലുകൾ പരിശോധിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ