ന്യൂഡല്‍ഹി : കശ്മീര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിർണായകമായ പങ്ക് വഹിക്കാമെന്ന ചൈനയുടെ സന്നദ്ധതയെ ഇന്ത്യ നിരസിച്ചു. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായ് നേരിട്ടു ചര്‍ച്ച ചെയ്തുകൊള്ളാം എന്നാണ് വ്യാഴാഴ്ച ഇന്ത്യ ചൈനയെ അറിയിച്ചത്.

” ഞങ്ങളുടെ നിലപാട് വ്യക്തമാണ്. രാജ്യത്തിന്‍റെയും മേഖലയുടെയും ലോകത്തിന്‍റെയും തന്നെ സമാധാനത്തെയും സുസ്ഥിരതയേയും തകര്‍ക്കുന്ന ഭീകരവാദമാണ് കാതലായ പ്രശ്നം. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായ് ഒരു ഉഭയകക്ഷി ചര്‍ച്ച നടത്തുവാന്‍ ഞങ്ങള്‍ തയ്യാറാണ്.” വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗേലി ന്യൂഡല്‍ഹില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

കശ്മീരില്‍ കഴിഞ്ഞ കുറച്ചുകാലളായി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിരന്തര സംഘര്‍ശങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍ ചൈന മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ജെങ് ഷുവാങ് ബുധനാഴ്ച പ്രസ്താവിച്ചിരുന്നു. “കശ്മീരില്‍ നടക്കുന്ന സംഘടനങ്ങള്‍ ഇരുരാജ്യങ്ങളുടെ മാത്രമല്ല. മേഖലയുടെ തന്നെ സമാധാനത്തെയും സുസ്ഥിരതയേയും ബാധിക്കുന്ന കാര്യമാണ്.”

ഇന്ത്യയും ചൈനയുമായി സിക്കിമില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് വിദേശകാര്യ വക്താവ് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് സന്നദ്ധതയറിയിച്ചുകൊണ്ട് മുന്നോട്ട് വന്നത്. ചൈനയും ഇന്ത്യയും നയതന്ത്രപരമായ സംസാരം നടക്കുന്നുണ്ട് എന്നും ഗോപാല്‍ ബാഗേലി അറിയിച്ചു. ജി 20 രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ കണ്ടുമുട്ടിയപ്പോള്‍ ഇരുരാജ്യങ്ങളുടേയും തലവന്മാര്‍ തമ്മില്‍ വിവധ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായ്‌ ചര്‍ച്ച നടന്നു എന്ന വാര്‍ത്തയെ ചൈന നേരത്തേ നിഷേധിച്ചിരുന്നു.

അതേസമയം, കശ്മീരും സിക്കിമും പോലുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരേടുത്ത സമീപനത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. വെള്ളിയാഴ്ച കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങും സുഷമാ സ്വരാജും ഈ വിഷയങ്ങളില്‍ പ്രതിപക്ഷത്തിനു വിശദീകരണം നല്‍കുന്നതായിരിക്കും. തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്‍റെ വര്‍ഷകാലസമ്മേളനത്തിനു മുമ്പ് പ്രതിപക്ഷവുമായുള്ള ബന്ധം സുഗമാമാക്കുവാനായിരിക്കും സര്‍ക്കാര്‍ ശ്രമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ