ന്യൂഡൽഹി: പെട്രോളിനായി ഇനി പമ്പുകളിൽ ക്യൂ നിൽക്കേണ്ടി വരില്ല. പെട്രോളിയം ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതിനുളള പദ്ധതിയെക്കുറിച്ച് ആലോചിക്കുകയാണ് കേന്ദ്ര സർക്കാർ. ”നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിച്ച് കൊടുക്കുന്നതിനുള്ള പദ്ധതി പരിഗണനയിലാണ്. പെട്രോൾ പമ്പുകളിലെ വലിയ ക്യൂ ഇതുവഴി ഒഴിവാക്കാനും അവിടെ ചെലവഴിക്കുന്ന സമയം ഉപഭോക്താക്കൾക്ക് ലാഭിക്കാനും ഇതുവഴി കഴിയുമെന്ന്” പെട്രോളിയം മന്ത്രാലയം ട്വീറ്റ് ചെയ്തു.

മേയ് ഒന്നു മുതല്‍ അന്താരാഷ്ട്ര വിപണികളിലേതു പോലെ ഇന്ത്യയിലും പെട്രോള്‍-ഡീസല്‍ വിലയില്‍ ദിവസേന മാറ്റം വരുത്താൻ നേരത്തെ തീരുമാനമായിരുന്നു. തുടക്കത്തില്‍, അഞ്ചു നഗരങ്ങളില്‍ കൊണ്ടുവരുന്ന ഈ വ്യവസ്ഥ വൈകാതെ തന്നെ രാജ്യമൊട്ടാകെ വിന്യസിപ്പിക്കും എന്നാണ് എണ്ണകമ്പനികള്‍ പറയുന്നത്. രാജ്യത്തെ 95% പമ്പുകളുടെയും ഉടമസ്ഥതയുള്ള പെട്രോള്‍-ഡീസല്‍ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത്‌ പെട്രോളിയം കോര്‍പ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ് ലിമിറ്റഡ് എന്നിവര്‍ ഈ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് ധാരണയില്‍ എത്തിയിട്ടുണ്ട്.

പുതുച്ചേരി, വിശാഖപട്ടണം, ആന്ധ്രാപ്രദേശ്, ഉദൈപൂര്‍, ജംഷഡ്പൂര്‍, ചണ്ഡിഗഡ് എന്നീ നഗരങ്ങളില്‍ ആണ് ഈ രീതി ആദ്യം പ്രാബല്യത്തില്‍ വരിക. അന്താരാഷ്ട്ര കമ്പോളനിരക്കും പണവിനിമയനിരക്കും അടിസ്ഥാനപ്പെടുത്തി എല്ലാ മാസവും ഒന്നാം തീയതിയും പതിനാറാം തീയതിയും ഇന്ധനനിരക്കുകള്‍ പുതുക്കുന്ന രീതിയാണ് ഇന്ന്‍ രാജ്യത്ത് നിലനില്‍ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ