ഗാന്ധിനഗര്‍: പാര്‍ട്ടിയില്‍ ചേരാന്‍ കൈക്കൂലി നല്‍കിയതും ഗുജറാത്തിന്റെ സമ്പദ്‍വ്യവസ്ഥ തകര്‍ന്നതും ചൂണ്ടിക്കാട്ടി ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്ത് പിടിക്കാന്‍ പിന്നോക്ക സമുദായ വിഭാഗത്തിലെ നേതാവ് അല്‍പേഷ് താക്കൂര്‍, ഹര്‍ദ്ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി തുടങ്ങിയവരുടെ പിന്തുണ നിര്‍ണായകമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഗാന്ധിനഗറില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹര്‍ദ്ദിക്, ജിഗ്നേഷ്, അല്‍പേഷ് എന്നിവര്‍ക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ല, അവരുടെ ഹൃദയം അവരെ അതിന് സമ്മതിക്കില്ല. ഒരു ഗുജറാത്തുകാരനും മിണ്ടാതിരിക്കാന്‍ കഴിയില്ല. മോദിജി, നിങ്ങള്‍ക്ക് ഈ ശബ്ദങ്ങള്‍ വിലയ്ക്ക് വാങ്ങാന്‍ കഴിയില്ല. ഈ ലോകം മുഴുവനുളള പണം കൊണ്ടും നിങ്ങള്‍ക്ക് അതിന് സാധിക്കില്ല’, രാഹുല്‍ പറഞ്ഞു.

പട്ടേലുമാരുടെ നേതാവിന് ബിജെപി ഒരു കോടി രൂപ വാഗ്ദാനം ചെയ്യുകയും 10 ലക്ഷം രൂപ കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുലിന്റെ വിമര്‍ശനം. ചരക്കുസേവന നികുതിയേയും നോട്ട് നിരോധനത്തേയും രാഹുല്‍ രൂക്ഷമായി വമര്‍ശിച്ചു.

‘ചെറുകിട കടക്കാരേയും വ്യാപാരികളേയും ജിഎസ്ടി തകര്‍ത്തു കളഞ്ഞു. ജിഎസ്ടി ഗബ്ബര്‍ സിംഗ് ടാക്സാണ്. നവംബര്‍ 8ന് എന്താണ് സംഭവിച്ചത്. പെട്ടെന്ന് ടിവിക്ക് മുമ്പില്‍ വന്ന് മോദി പറയുന്നു എനിക്ക് 500, 1000 നോട്ടുകള്‍ ഇഷ്ടമല്ലെന്ന്. അത്കൊണ്ട് ഞാനിത് പിന്‍വലിക്കുകയാണെന്ന്. അതിലൂടെ ഈ രാജ്യത്തെ മുഴുവനുമാണ് അദ്ദേഹം ആക്രമിച്ചത്’, രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ