ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ നിശ്ചയിക്കുകയാണെങ്കിൽ പിന്തുണ നൽകുമെന്ന് തൃണമൂൽ കോണ്‍ഗ്രസ്. പിന്തുണ നൽകാമെന്ന തീരുമാനം തൃണമൂൽ കോണ്‍ഗ്രസ് കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയെ അറിയിച്ചു.

പൊതുസ്ഥാനാർഥിക്കായി പ്രതിപക്ഷ പാർട്ടികൾ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സുഷമ സ്വരാജ് ആണെങ്കിൽ പിന്തുണക്കാമെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചിരിക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായി ഞായറാഴ്ച അരുണ്‍ ജയ്‌റ്റ്‌ലി തൃണമൂൽ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂണ്‍ 23നു മുൻപായി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നു വെങ്കയ്യ നായിഡുവും അറിയിച്ചിരുന്നു.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പൊതുസ്ഥാനാർഥിയെന്ന ആവശ്യവുമായി കേന്ദ്രസർക്കാർ പ്രതിനിധികൾ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും ചർച്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങും വെങ്കയ്യ നായിഡുവുമാണ് സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയത്.

എന്നാൽ സ്ഥാനാർഥിയുടെ പേര് നിർദ്ദേശിക്കാൻ കേന്ദ്രസർക്കാരിനോട് യെച്ചൂരി ആവശ്യപ്പെടുകയായിരുന്നു. മതേതര മൂല്യങ്ങളിൽ വിശ്വാസമുള്ള വ്യക്തിയാകണം. ഭരണഘടനമൂല്യങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുന്ന വ്യക്തിയാകണമെന്നും യെച്ചൂരി കേന്ദ്രമന്ത്രിമാരോട് ആവശ്യപ്പെട്ടു.

സമാനവിഷയത്തിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമവായ ചര്‍ച്ചയും ഫലപ്രദമായിരുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ