ഹൈദരാബാദ്: എഴുത്തുകാരനും ദലിത് ചിന്തകനുമായ കാഞ്ച ഇലയ്യയ്ക്ക് നേരെ ചെരുപ്പേറ്. തെലങ്കാനയിലെ വാറങ്കൽ ജില്ലയിലെ പാർക്കൽ ടൗണിൽ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വൈശ്യ സംഘടനാ പ്രവർത്തകർ കാഞ്ചയ്ക്കുനേരെ ആക്രമണം നടത്തിയത്. കാഞ്ചയുടെ കാർ തടഞ്ഞ പ്രവർത്തകർ അദ്ദേഹത്തിനുനേരെ ചെരുപ്പ് വലിച്ചെറിയുകയായിരുന്നു.

കാഞ്ച ഉടൻതന്നെ പാർക്കൽ പൊലീസ് സ്റ്റേഷനിൽ സുരക്ഷയ്ക്കായി ഓടിക്കയറി. തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞുപോയി. അതിനുശേഷം അദ്ദേഹം തിരികെ ഹൈദരാബാദിലേക്ക് പോയതായി ഇൻസ്പെക്ടർ ജെ.നർസിംഹളു പറഞ്ഞു.

കാഞ്ചയുടെ പുതിയ പുസ്തകത്തിനെതിരെ വൈശ്യ സംഘടനകൾ പ്രതിഷേധങ്ങൾ നടത്തിവരികയാണ്. പുസ്തകത്തിൽ തങ്ങളുടെ സമുദായത്തെ അപമാനിക്കുന്ന പരാമർശങ്ങൾ ഉണ്ടെന്നും പുസ്തകം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. എന്നാൽ പുസ്തകം പിൻവലിക്കാൻ ഇലയ്യ തയാറായിരുന്നില്ല. പുസ്തകം പിൻവലിച്ചില്ലെങ്കിൽ ഇലയ്യയുടെ നാക്ക് അരിഞ്ഞ് തളളുമെന്ന് അദ്ദേഹത്തിന് ഭീഷണിക്കത്ത് മുഴക്കിയിരുന്നു. തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘമായിരിക്കും അതിന് ഉത്തരവാദിയെന്നും തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇലയ്യ പൊലീസിൽ പരാതി നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ