ഇസ്ലാമാബാദ്: ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ വിധി രാജ്യാന്തര കോടതി സ്റ്റേ ചെയ്തതോടെ അടുത്തകാലത്തെ ഏറ്റവും വലിയ തിരിച്ചടിയാണ് പാക്കിസ്ഥാന് കിട്ടിയത്. വിധി അംഗീകരിക്കില്ലെന്ന് പറഞ്ഞ പാക്കിസ്ഥാന്‍ വസ്തുതകളെ വളച്ചൊടിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും ആരോപിച്ചു. പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഈ വാര്‍ത്തയെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് നോക്കാം.

‘തിരിച്ചടി; ഇന്ത്യന്‍ ചാരന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു’ എന്ന തലക്കെട്ടോടെയാണ് പാക്കിസ്ഥാന്റെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഇംഗ്ലീഷ് ദിനപത്രം ഡോണ്‍ ആദ്യപേജില്‍ റിപ്പോര്‍ട്ട് ചെയ്തത്. മറ്റൊരു റിപ്പോര്‍ട്ടില്‍ കേസ് പാക്കിസ്ഥാന്‍ കൈകാര്യം ചെയ്ത നടപടിയെ രൂക്ഷമായാണ് പത്രം വിമര്‍ശിക്കുന്നത്. വിധിയില്‍ തീരുമാനം എടുക്കാന്‍ രാജ്യാന്തര കോടതിക്ക് നിയമപരമായ അധികാരമില്ലെന്ന് ജസ്റ്റിസ് ഷൈഖ് ഉസ്മാനിയെ ഉദ്ദരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

‘കോടതിയില്‍ ഹാജരായതാണ് പാക്കിസ്ഥാന്‍ ചെയ്ത തെറ്റ്. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാക്കിസ്ഥാന്‍ ഹാജരാവാന്‍ പാടില്ലായിരുന്നു. പാക്കിസ്ഥാന്‍ സ്വന്തം കാലില്‍ തന്നെ വെടിവെക്കുന്ന അവസ്ഥയാണ് ഉണ്ടായത്’, ഷൈഖ് ഉസ്മാനി ഡോണ്‍ ദിനപത്രത്തോട് പറഞ്ഞു.

നിയയമവിദഗ്ദ്ധരെ ഉദ്ദരിച്ചും പത്രം പാക്കിസ്ഥാനെ വിമര്‍ശിച്ചു. മാര്‍ച്ച് 29ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരാകാമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ഹാജരാക്കിയ സത്യവാങ്മൂലം പിന്‍വലിക്കുകയായിരുന്നു വേണ്ടതെന്ന് പാക്കിസ്ഥാന്‍ മുന്‍ ബാര്‍ കൗന്‍സില്‍ ചെയര്‍മാന്‍ ഡോ. ഫറോഖ് നസീം പറഞ്ഞു.

‘ദി എക്സ്പ്രസ് ട്രിബ്യൂണും’ പാക്കിസ്ഥാന്‍ കേസ് കൈകാര്യം ചെയ്ത രീതി തെറ്റാണെന്ന് വിമര്‍ശിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ പിടിപ്പുകേടാണ് അന്താരാഷ്ട്ര കോടതിയില്‍ കണ്ടതെന്ന് നിയമവിദഗ്ദ്ധരെ ഉദ്ദരിച്ച് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ദി ന്യൂസ് ഇന്റര്‍നാഷണല്‍, ദുന്യാ ന്യൂസ് എന്നിവരും പാക് പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കമുള്ളവരുടെ വിമര്‍ശനങ്ങളും വാര്‍ത്തയാക്കി സര്‍ക്കാരിനെ കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ