ന്യൂഡൽഹി: മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗധ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ വളർത്തുമകൾ ഹണിപ്രീതിനു വേണ്ടിയുളള തിരച്ചിൽ ശക്തം. ഹണിപ്രീതിന്റെ ചിത്രങ്ങൾ പൊലീസ് രാജ്യത്താകമാനം പുറത്തുവിട്ടു. ഇന്ത്യ-നേപ്പാൾ അതിർത്തിയിലുളള പൊലീസ് സ്റ്റേഷനുകളിലും ഹണിപ്രീതിന്റെ ചിത്രങ്ങൾ പതിച്ചിട്ടുണ്ട്. ഇന്ത്യ-നേപ്പാൾ അതിർത്തി വഴി രാജ്യംവിടാൻ ഹണിപ്രീത് ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസിന്റെ നടപടി.

നേപ്പാളിലേക്ക് ഹണിപ്രീത് കടക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. കനത്ത ജാഗ്രതയിലാണ് പൊലീസുളളത്. നേപ്പാൾ അതിർത്തിയിലുളള ജില്ലകളിൽ പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗുർമീതിനെ കോടതിയിൽനിന്നു ബലം പ്രയോഗിച്ചു മോചിപ്പിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റത്തിനു ഹണിപ്രീതിനെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

ഗുർമീത് റാം റഹിം സിങ് ജയിലിലായതിനുപിന്നാലെയാണ് ഹണിപ്രീത് ഒളിവിൽ പോയത്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമെല്ലാം പപ്പയുടെ മാലാഖക്കുട്ടി, എന്നാണ് ഹണിപ്രീത് സ്വയം വിശേഷിപ്പിക്കുന്നത്. പ്രിയങ്ക എന്നായിരുന്നു ആദ്യ പേര്. വിശ്വാസ് ഗുപ്തയെ വിവാഹം കഴിച്ച ശേഷമാണ് ഹണിപ്രീത് എന്ന പേരില്‍ ഇവര്‍ അറിയപ്പെടുന്നത്. അതുവരെ അവര്‍ പ്രിയങ്കയായിരുന്നു. 1999ലാണ് വിശ്വാസ് ഗുപ്തയെ ഹണിപ്രീത് വിവാഹം ചെയ്യുന്നത്. സ്ത്രീധനത്തിന്റെ പേരിലുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ 2009ല്‍ ഗുര്‍മീത് ഹണിപ്രീതിനെ മകളായി ദത്തെടുക്കുകയായിരുന്നു. ഗുർമീത് റാം റഹിം സിങ്ങിനെ കുറിച്ചുള്ള നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് ചിത്രങ്ങളില്‍ ഹണിപ്രീത് അഭിനയിച്ചിട്ടുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ