ചണ്ഡിഗഡ്: ദേര സച്ച സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ജയില്‍ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ഹരിയാനയിലെ പഞ്ച്കുളയിലുണ്ടായ അക്രമങ്ങളുടെ സൂത്രധാര താനായിരുന്നുവെന്ന് ഹണിപ്രീത് ഇന്‍സാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍. അക്രമണത്തിനുള്ള മാര്‍ഗരേഖ തയാറാക്കിയത് താനാണെന്നും ഹണിപ്രീത് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

കലാപം സംഘടിപ്പിച്ചതിന്റെയും ഇതിന് ആവശ്യമായ പണം ചിലവഴിച്ചതിന്റെയും ഉത്തരവാദിത്വവും ഹണിപ്രീത് ഏറ്റെടുത്തു. കലാപത്തെ സംബന്ധിച്ച് ഓഗസ്റ്റ് 17 പദ്ധതികള്‍ തയാറാക്കിയിരുന്നതായും പൊലീസ് അറിയിച്ചു.

കലാപം നടത്തുന്നതിന് ഹണിപ്രീത് ദേര സച്ച സൗദാ അനുയായികള്‍ക്ക് 1.25 കോടി രൂപ വിതരണം ചെയ്തതായും സമ്മതിച്ചു. ഗുര്‍മീതിന്റെ സഹായിയും ഡ്രൈവറുമായിരുന്ന രാകേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഒളിവിലായിരുന്ന ഹണിപ്രീത് കഴിഞ്ഞ ദിവസമാണ് പിടിയിലായത്. മാനഭംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധിയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളില്‍ 38 പേരാണ് കൊല്ലപ്പെട്ടത്.

അതേസമയം, കലാപവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഹണിപ്രീതിന്റെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അത് ഉടന്‍ തിരിച്ചുപിടിക്കുമെന്നും പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ