വാഷിങ്ടൺ: പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗ്സിന്റെ ഒരു നിര്‍ദേശമാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ ചര്‍ച്ചാ വിഷയം. ഒന്നുകില്‍ എത്രയും പെട്ടെന്ന് ചൊവ്വയിലേക്ക് വീടു മാറ്റുക, അല്ലെങ്കില്‍ ഭൂമിയുടെ നാശത്തിന് സാക്ഷ്യം വഹിക്കുക.

ഇനി ഏറിയാൽ നൂറ് വർഷത്തിനപ്പുറം ഭൂമിക്ക് ആയുസില്ലെന്നാണ് ഹോക്കിംഗ്സ് ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിയില്‍ പറയുന്നത്. നേരത്തേയും സമാന പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. അധിക ജനസംഖ്യ, കാലാവസ്ഥാ മാറ്റം, രോഗങ്ങള്‍, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(കൃത്രിമബുദ്ധി), ആണവായുധങ്ങൾ തുടങ്ങിയ കാരണങ്ങളായിരിക്കും ഭൂമിയുടെ അന്ത്യത്തിന് കാരണമാവുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

അതിന് മുമ്പ് മറ്റൊരു വാസയോഗ്യമായ ഗ്രഹം കണ്ടുപിടിച്ച് കോളനിയാക്കി ജീവിക്കുന്നതാണ് നല്ലതെന്നും ഹോക്കിംഗ്സ് പറയുന്നു. സാങ്കേതികപരമായും ശാസ്ത്രീയമായും നമ്മള്‍ അത്രയും വളരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വരും നൂറ്റാണ്ടിൽ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധമുള്ള അപകടങ്ങളാണ് സംഭവിക്കാനിരിക്കുന്നത്. ഇത് അന്ത്യവിധി നാളിലേക്ക് നയിക്കുമെന്നും ആണവായുധങ്ങളും കൃത്രിമമായി സൃഷ്ടിച്ച വൈറസുകളും മനുഷ്യന് ഭീഷണിയാണെന്നും അദ്ദേഹം പറയുന്നു.

ഭൂമിക്ക് വെളിയിൽ മനുഷ്യവാസം സാധ്യമായ ഗ്രഹങ്ങൾ തേടിയുള്ള അന്വേഷണം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ചൊവ്വയിൽ മനുഷ്യനെ താമസിപ്പിക്കാനും കോളനികൾ തുടങ്ങാനുമുള്ള പദ്ധതി സ്പെയ്സ് എക്സ് ശാസ്ത്രജ്ഞന്‍ എലൻ മസ്കിന്റെ നേതൃത്വത്തിലുള്ള സംഘം തുടങ്ങിയിട്ടുണ്ട്. അടുത്ത ദശകത്തോടെ ഇത് സാധ്യമാകുമെന്നും ഇവര്‍ അവകാശവാദം ഉന്നയിക്കുന്നു.

എന്നാല്‍ സ്റ്റീഫൻ ഹോക്കിംഗ്സിന്റെ വാദങ്ങളെ ഖണ്ഡിച്ചും ചില ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിട്ടുണ്ട്. ഭൂമിയേക്കാള്‍ വാസയോഗ്യമാണ് ചൊവ്വയും, ചന്ദ്രനും എന്നൊക്കെ ധരിക്കുന്നത് തെറ്റാണെന്ന് ഇവര്‍ പറയുന്നു. ഹോക്കിംഗ്സ് ഒരുവട്ടം കൂടി ആലോചിച്ച് ഇത്തരം കാര്യങ്ങള്‍ പറയണമെന്നും ഇവര്‍ പറയുന്നു. ബി.ബി.സി തയ്യാറാക്കിയ ഡ്യോക്കുമെന്ററിയിൽ എന്തെങ്കിലും സാങ്കേതിക തകരാറുകൾ പിണഞ്ഞിരിക്കാനുള്ള സാദ്ധ്യതയും ഇവര്‍ ഉയര്‍ത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ