ഛണ്ഡീഗഡ്: പാൽ നൽകുന്നതിന് പകരം തൊഴിക്കാൻ തുടങ്ങിയതോടെ ഹരിയാന സർക്കാർ സമ്മാനമായി നൽകിയ പശുക്കളെ ബോക്സിംഗ് താരങ്ങൾ മടക്കി നൽകി. ലോക യൂത്ത് വനിത ബോക്സിംഗ് ചാംപ്യൻഷിപ്പിലെ മെഡൽ ജേതാക്കളാണ് സർക്കാർ നൽകിയ സമ്മാനം തിരികെ നൽകിയത്.

മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ഓം പ്രകാശ് ധനവറാണ് താരങ്ങൾക്ക് നാൽക്കാലികളെ സമ്മാനമായി നൽകിയത്. “എരുമപ്പാലിനേക്കാൾ പശുവിൻ പാലാണ് നല്ലതെന്നും അതിനാലാണ് പശുക്കളെ നൽകിയതെ”ന്നും ആണ് മന്ത്രി ഇതേക്കുറിച്ച് പ്രതികരിച്ചത്. “അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിച്ചവരാണിവർ. അവരിൽ നിന്ന് കൂടുതൽ മികച്ച പ്രവർത്തനം ലക്ഷ്യമിട്ടാണ് ഈ സമ്മാനം നൽകിയത്”, അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ഈ നീക്കത്തെ മൂന്ന് താരങ്ങൾ തള്ളിയതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇവർ പശുക്കളെ മടക്കിനൽകി.

“എന്റെ അമ്മ പശുവിനെ അഞ്ച് ദിവസം പരിചരിച്ചു. പാലെടുക്കാൻ ശ്രമിച്ചപ്പോൾ മൂന്ന് വട്ടം പശു അമ്മയെ തൊഴിച്ചു. കണങ്കാലിന് പരിക്കേറ്റ് അമ്മയിപ്പോൾ വിശ്രമത്തിലാണ്. അതിനാലാണ് പശുവിനെ തിരികെ നൽകിയത്”, ജ്യോതി ഗുലിയ പറഞ്ഞു. “ഞങ്ങൾക്ക് ഞങ്ങളുടെ എരുമയെ മതി”, അവർ പറഞ്ഞു.

നീതു ഗംഗാർ, സാക്ഷി കുമാർ എന്നിവരാണ് പശുവിനെ സർക്കാരിന് തിരിച്ച് നൽകിയ മറ്റ് താരങ്ങൾ. ഇരുവരെയും പശു തൊഴിച്ചതാണ് സമ്മാനം തിരികെ നൽകാൻ കാരണമായി ചൂണ്ടിക്കാട്ടിയത്. ഗുവാഹത്തിയിൽ നടന്ന ദേശീയ സീനിയർ ബോക്സിംഗ് ചാംപ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ താരങ്ങളാണ് മൂവരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ