ന്യൂഡൽഹി: ചരക്ക്-സേവന നികുതി ഈടാക്കുമ്പോള്‍ വ്യാപാരികൾ അമിതലാഭം ഈടാക്കുന്നത് തടയാൻ ‘നാഷണല്‍ ആന്റി പ്രോഫിറ്റിയറിങ് അതോറിറ്റി’ക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കൂടുതല്‍ ഇനങ്ങള്‍ക്ക് നികുതിനിരക്ക് കുറച്ച സാഹചര്യത്തിൽ ഈ ആനുകൂല്യം ജനങ്ങൾക്ക് ലഭ്യമാക്കാനാണ് മേൽനോട്ട സമിതി.

വീഴ്ച വരുത്തുന്നവരിൽ നിന്ന് പിഴ ഈടാക്കാനും, ജിഎസ്ടി റജിസ്‌ട്രേഷന്‍ റദ്ദാക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്. ജിഎസ്ടി നിരക്ക് കുറച്ച ശേഷവും ഗുണം ജനങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.

കേന്ദ്ര സെക്രട്ടറി റാങ്കിന് തുല്യമായ പദവിയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥൻ അതോറിറ്റിയെ നയിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ പ്രവര്‍ത്തിക്കുന്ന നാല് ഉദ്യോഗസ്ഥര്‍ ടെക്‌നിക്കല്‍ അംഗങ്ങളായി സമിതിയിൽ ഉണ്ടാകും. അതോറിറ്റിയുടെ ഭാഗമായി സംസ്ഥാനങ്ങളില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയും സ്റ്റിയറിങ് കമ്മിറ്റിയും രൂപം നൽകും.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസിന്റെ കീഴില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സേഫ് ഗാര്‍ഡ്‌സും ജിഎസ്ടി മേൽനോട്ടത്തിനായി രംഗത്തിറങ്ങും. ജിഎസ്ടി നിരക്കിൽ പരാതിയുള്ള ഉപഭോക്താക്കള്‍ സ്‌ക്രീനിങ് സമിതിയെയാണ് ആദ്യം സമീപിക്കേണ്ടത്. രാജ്യവ്യാപകമായി ലഭിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളുമാണ് പരാതിക്കിടയാക്കിയതെങ്കില്‍, പരാതി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് നേരിട്ട് നല്‍കണം. സിബിഇസിയുടെ ഡയറക്ടര്‍ ജനറലാണ് പരാതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ തന്റെ കുറിപ്പ് കൂടി ചേർത്ത് ജിഎസ്ടി അതോറിറ്റിക്ക് സമർപ്പിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ