ഡൽഹി: ജി എസ് ടിയിൽ 49 ഉൽപ്പനങ്ങളുടെ നികുതി കുറയ്ക്കാൻ തീരുമാനമെടുത്തു. 29 കൈത്തറി ഉൽപ്പന്നങ്ങളെ ജി എസ് ടിയിൽ നിന്നും ഒഴിവാക്കി. ഇന്ന് ചേർന്ന ജി എസ് ടി കൗൺസിലിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്‌റ്റിലിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

കരകൗശല വസ്തുക്കൾ ഉൾപ്പടെയുളള 49 ഇനങ്ങൾക്കാണ് നികുതി കുറയ്ക്കാൻ തീരുമാനിച്ചത്. ഉപയോഗിച്ച് കാറുകളുടെ (യൂസ്ഡ് കാർ) വിൽപ്പനയ്ക്കുളള നികുതി കുറച്ചിട്ടുണ്ട്. നേരത്തെ ഇത് പുതിയ കാറുകൾക്കുളള അതേ നിരക്കിലായിരുന്നു. അമ്യൂസ് മെന്റ് പാർക്കുകളുടെ നികുതി നിരക്കും കുറച്ചിട്ടുണ്ട്. നേരത്തെ 28 ശതമാനമായിരുന്നത് 18 ശതമാനമാക്കിയാണ് കുറച്ചത്.

ടൂറിസം രംഗത്തെ ജി എസ് ടി സംബന്ധിച്ച് കേരളവും ഗോവയും മുന്നോട്ട് വച്ച് കാര്യങ്ങൾ അടുത്ത ജി എസ് ടി കൗൺസിലിൽ തീരുമാനിക്കുമെന്ന് യോഗത്തിന് ശേഷം ധനമന്ത്രി ടി എം തോമസ് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു.

റിയൽ എസ്റ്റേറ്റ് സംബന്ധിച്ച നികുതികൾ ജി എസ് ടിക്ക് കൊണ്ടുവരാനുളള നീക്കത്തിൽ ഇത്തവണ തീരുമാനമുണ്ടായില്ല. പെട്രോളിയം ഉൽപ്പനങ്ങളുടെ കാര്യത്തിലും ജി എസ് ടി ഏർപ്പെടുത്തുന്നതിൽ തീരുമാനം എടുത്തില്ല. പത്ത് ദിവസത്തിനകം വീണ്ടും ജി എസ് ടി കൗൺസിൽ യോഗം ചേരും. ഇനി ചേരുന്ന  ജി എസ് ടി  യോഗത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില, റിയൽ എസ്റ്റേറ്റ് മേഖല, ടൂറിസം എന്നിവ പരിഗണനയ്ക്ക് വരും.

കേരളത്തിൽ ജി എസ് ടി വന്നശേഷം കഴിഞ്ഞ രണ്ട് മാസമായി വരുമാനം കുറഞ്ഞിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. നവംബറിനേക്കാൾ നികുതി വരുമാനം കുറവായിരുന്നു ഡിസംബറിലെന്നാണ് കണക്കുകൾ സൂചിപ്പിക്കന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ